ഭൂട്ടാനിൽ മഞ്ഞുതടാകം പൊട്ടിയൊഴുകി ഡാം തകർച്ചാ ഭീതി; വടക്കൻ ബംഗാളിൽ പ്രളയ മുന്നറിയിപ്പ്, നദികളിൽ തീവ്ര നിരീക്ഷണം
ഷീബ വിജയൻ
കൊൽക്കത്ത: ഭൂട്ടാനിൽ മഞ്ഞുതടാകം പൊട്ടിയൊഴുകിയതിനെ തുടർന്ന് പശ്ചിമ ബംഗാളിന്റെ വടക്കൻ അതിർത്തി മേഖലകളിൽ കടുത്ത പ്രളയഭീതിയും ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു. വെള്ളിയാഴ്ചയോടെ ബംഗാളിലെ ഡുവാർസ് മേഖലയിലുടനീളം അധികൃതർ മുൻകരുതൽ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. ഭൂട്ടാനിൽനിന്ന് അതിവേഗം ഒഴുകിയെത്തുന്ന ജലപ്രവാഹം അതിർത്തി നദികളിലെ ജലനിരപ്പ് ഗണ്യമായി ഉയർത്താനും താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കാനും സാധ്യതയുള്ളതിനാലാണ് നിരീക്ഷണം ശക്തമാക്കിയത്. ഭൂട്ടാനിലെ ഗാസ ജില്ലയിൽ സ്ഥിതി ചെയ്യുന്ന വാകില പർവതത്തിന് താഴെയുള്ള ഷിന്റാഫു മഞ്ഞുതടാകമാണ് പൊട്ടിയൊഴുകിയതെന്ന് ഭൂട്ടാൻ പ്രാദേശിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു.
അപകടത്തിന്റെ വ്യാപ്തിയും തുടർന്നുണ്ടാകാവുന്ന നാശനഷ്ടങ്ങളും സംബന്ധിച്ച പൂർണ വിവരങ്ങൾ ലഭ്യമായിട്ടില്ല. ദുരന്തസാധ്യത മുൻനിർത്തി അപകടമേഖലകളിൽ കഴിയുന്നവരോട് ഉടൻ തന്നെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാൻ ഭൂട്ടാൻ ബ്രോഡ്കാസ്റ്റിങ് സർവീസ് വഴി നിർദേശം നൽകിയിട്ടുണ്ട്. ഭൂട്ടാനിലെ അതീവ അപകടസാധ്യതയുള്ള മഞ്ഞുതടാകങ്ങളിലൊന്നായാണ് ഷിന്റാഫു തടാകം അറിയപ്പെടുന്നത്. തടാകത്തിലെ കൂറ്റൻ ജലപ്രവാഹം താഴേക്ക് കുതിച്ചെത്തുന്നത് ഇന്ത്യ-ഭൂട്ടാൻ അതിർത്തി കടന്നുള്ള നദികളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതം എന്തായിരിക്കുമെന്നാണ് ദുരന്തനിവാരണ സേന നിരീക്ഷിക്കുന്നത്. പശ്ചിമ ബംഗാളിലെ ഡുവാർസ് മേഖലയിലൂടെ ഒഴുകുന്ന സങ്കോഷ് നദിയുടെ തീരപ്രദേശങ്ങളിലാണ് ഏറ്റവും ഉയർന്ന ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്.
അലിപുർദ്വാർ ജില്ലയിലെ കുമാർഗ്രാം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഭരണകൂടം സ്ഥിതിഗതികൾ മണിക്കൂർ വെച്ച് വിലയിരുത്തുന്നുണ്ട്. സങ്കോഷ് നദീതീരങ്ങളിൽ ഉൾപ്പെടെ ഡുവാർസിന്റെ വിവിധ ഭാഗങ്ങളിൽ മുൻകരുതൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് പശ്ചിമ ബംഗാൾ ആഭ്യന്തര, മലയോരകാര്യ സഹമന്ത്രി ബിശാൽ ലാമ അറിയിച്ചു. അപകടത്തിന്റെ യഥാർത്ഥ വ്യാപ്തി വ്യക്തമാകുന്നതുവരെ കടുത്ത ജാഗ്രത തുടരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിൽ നേപ്പാളിലുണ്ടായ മഞ്ഞുമല തകർച്ചയും മിന്നൽ പ്രളയവും തീർത്ത നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആശങ്ക നിലനിൽക്കുകയാണ്.
dsfgdgffdg

