പ്രവാസി ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി താമസരേഖയുമായി ബന്ധിപ്പിക്കേണ്ടെന്ന് ബഹ്റൈൻ ശൂറ കൗൺസിൽ
പ്രദീപ് പുറവങ്കര
മനാമ: പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി അവരുടെ റെസിഡൻസി പെർമിറ്റ് കാലാവധിയുമായി ബന്ധിപ്പിക്കാനുള്ള പാർലമെന്ററി ബിൽ തള്ളണമെന്ന് ശൂറ കൗൺസിലിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി ശുപാർശ ചെയ്തു. നിലവിലെ നിയമങ്ങൾ തന്നെ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനും പുതുക്കുന്നതിനും സാധുവായ റെസിഡൻസ് പെർമിറ്റ് നിർബന്ധമാക്കുന്നുണ്ടെന്നും, നിർദിഷ്ട ഭേദഗതി അനാവശ്യമായ ഭരണപരമായ സങ്കീർണതകൾ സൃഷ്ടിക്കുമെന്നും കമ്മിറ്റി അധ്യക്ഷൻ ഡോ. അലി അൽ റുമൈഹി വ്യക്തമാക്കി.
ട്രാഫിക് തിരക്ക് കുറയ്ക്കുക, അനധികൃത താമസക്കാർ വാഹനം ഓടിക്കുന്നത് തടയുക എന്നീ ലക്ഷ്യങ്ങളോടെ 2014-ലെ ട്രാഫിക് നിയമത്തിൽ ഭേദഗതി വരുത്താനാണ് പാർലമെന്റ് ബിൽ സമർപ്പിച്ചത്. നിലവിൽ അഞ്ച് വർഷത്തെ കാലാവധിയിലാണ് പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത്. എന്നാൽ ഇഖാമ കാലാവധിയുമായി ഇത് ബന്ധിപ്പിക്കുന്നത് നിക്ഷേപകർ, വിദ്യാർത്ഥികൾ, കുടുംബ വിസയിലുള്ളവർ തുടങ്ങി നിയമപരമായി താമസിക്കുന്ന എല്ലാവരെയും പ്രതികൂലമായി ബാധിക്കുമെന്ന് സമിതി ചൂണ്ടിക്കാട്ടി.
കൂടാതെ, ഗോൾഡൻ വിസയുള്ളവർക്ക് സ്വദേശികളേക്കാൾ കൂടുതൽ കാലാവധിയുള്ള ലൈസൻസ് ലഭിക്കാനും, ഹ്രസ്വകാല വിസക്കാർക്ക് അടിക്കടി ലൈസൻസ് പുതുക്കേണ്ടി വരുന്നതിനും ഇത് കാരണമാകും. ഡ്രൈവിങ് ശേഷിയും ആരോഗ്യയോഗ്യതയും മുൻനിർത്തി നൽകുന്ന ലൈസൻസിനെ, താമസാനുമതിയുമായി കൂട്ടിക്കലർത്തുന്നത് യുക്തിസഹമല്ലെന്നും, നിയമവിരുദ്ധമായി വാഹനം ഓടിക്കുന്നവർക്കെതിരെ നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കുകയാണ് വേണ്ടതെന്നും സമിതി അഭിപ്രായപ്പെട്ടു. ബിൽ ഭരണഘടനാപരമായി സാധുവാണെന്ന് നിയമകാര്യ സമിതി കണ്ടെത്തിയെങ്കിലും, നയപരമായ കാരണങ്ങളാൽ ബിൽ തള്ളാനാണ് വിദേശകാര്യ സമിതി ശുപാർശ ചെയ്തത്.
sada

