മേഖലാ സുരക്ഷാ സമവാക്യങ്ങൾ ചർച്ചചെയ്യാൻ മനാമ ഡയലോഗിന് ഇന്ന് തുടക്കം; നാനൂറിലധികം ഉന്നത പ്രതിനിധികൾ ബഹ്റൈനിൽ
പ്രദീപ് പുറവങ്കര
മനാമ: ഗൾഫ് മേഖലയിലെയും ആഗോളതലത്തിലെയും സുപ്രധാന സുരക്ഷാ വെല്ലുവിളികളും സഹകരണ സാധ്യതകളും ചർച്ച ചെയ്യുന്ന 22-ാമത് ഐഐഎസ്എസ് (IISS) മനാമ ഡയലോഗിന് ഇന്ന് വൈകുന്നേരം ബഹ്റൈനിൽ തുടക്കമാകും. റിറ്റ്സ് കാൾട്ടൺ ഹോട്ടലിൽ നടക്കുന്ന ഉച്ചകോടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാർ, പ്രതിരോധ മന്ത്രിമാർ, സാമ്പത്തിക മന്ത്രിമാർ, സൈനിക തലവന്മാർ എന്നിവരുൾപ്പെടെ നാനൂറിലധികം ഉന്നതതല പ്രതിനിധികൾ പങ്കെടുക്കും. അമ്പതിലധികം രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും നയതന്ത്രജ്ഞരും അണിനിരക്കുന്ന സുരക്ഷാ ഉച്ചകോടിയാണിത്.
'മധ്യപൂർവദേശത്തെ സുരക്ഷ, താല്പര്യങ്ങൾ, സഹകരണം, സംയോജനം' എന്നതാണ് ഈ വർഷത്തെ മനാമ ഡയലോഗിന്റെ പ്രധാന പ്രമേയം. മേഖലയിൽ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ നിലനിൽക്കുന്ന നിർണായക സാഹചര്യത്തിലാണ് ഇത്തവണത്തെ ഉച്ചകോടി സംഘടിപ്പിക്കപ്പെടുന്നത്. ഉച്ചകോടിയുടെ ഭാഗമായി ഐഐഎസ്എസ് തയ്യാറാക്കിയ 'ദി ഗൾഫ് അറ്റ് വാർ' എന്ന 80,000 വാക്കുകളുള്ള ഗവേഷണ രേഖയും പുറത്തിറക്കും. ഈ വർഷം ഫെബ്രുവരി മുതൽ സെപ്റ്റംബർ വരെയുള്ള പ്രാദേശിക വികാസങ്ങളെ ആസ്പദമാക്കിയാണ് ഈ രേഖ തയ്യാറാക്കിയിരിക്കുന്നത്.
ഇന്ന് വൈകുന്നേരം നടക്കുന്ന പ്രത്യേക സെഷനിൽ 'ഇറാൻ യുദ്ധത്തിൽ നിന്നുള്ള രാഷ്ട്രീയ-സുരക്ഷാ പാഠങ്ങൾ' എന്ന വിഷയം ചർച്ച ചെയ്യും. തുടര്ന്ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ പ്രമുഖ വ്യക്തിത്വം മുഖ്യപ്രഭാഷണം നടത്തും. മുൻവർഷങ്ങളിൽ ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി തുടങ്ങിയവർ സംസാരിച്ചിരുന്നു.
ശനി, ഞായർ ദിവസങ്ങളിലായി എട്ട് പ്രധാന പ്ലീനറി സെഷനുകൾ നടക്കും. യുഎസ്-മധ്യപൂർവദേശ സുരക്ഷാ സംയോജനം, പ്രാദേശിക തർക്കങ്ങളുടെ പ്രത്യാഘാതങ്ങൾ, സമുദ്ര സുരക്ഷ, പുതിയ സാമ്പത്തിക അജണ്ട എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങൾ വരുംദിവസങ്ങളിൽ ചർച്ച ചെയ്യും. യുവ നയതന്ത്രജ്ഞരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തവണ 27 യുവ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. 2004 മുതൽ വർഷം തോറും നടന്നുവരുന്ന മനാമ ഡയലോഗ്, മധ്യപൂർവദേശത്തെ സുരക്ഷാ നയരൂപീകരണത്തിൽ നിർണായക പങ്കാണ് വഹിക്കുന്നത്.
ewref

