നോർക്ക ഇൻഷുറൻസ് പ്രീമിയം വർധനവ് പ്രവാസികളോടുള്ള അനീതി: ബഹ്റൈൻ പ്രതിഭ
പ്രദീപ് പുറവങ്കര
മനാമ: നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയത്തിൽ വരുത്തിയ അന്യായമായ നിരക്കുവർധന ഉടനടി പിൻവലിക്കണമെന്ന് ബഹ്റൈൻ പ്രതിഭ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഇടതുപക്ഷ സർക്കാർ പ്രവാസികളുടെ ആശ്വാസത്തിനായി ആവിഷ്കരിച്ച ജനക്ഷേമ പദ്ധതിയെ, സ്വകാര്യ ഇൻഷുറൻസ് കമ്പനികളെ സഹായിക്കാനായി അട്ടിമറിക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്ന് സംഘടന ആരോപിച്ചു.
സാധാരണക്കാരായ പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നോർക്ക കെയർ പദ്ധതി കൊണ്ടുവന്നത്. സർക്കാരിന്റെ ഈ സംരംഭത്തിൽ വിശ്വസിച്ച് നിലവിലുണ്ടായിരുന്ന സ്വകാര്യ ഇൻഷുറൻസുകൾ ഉപേക്ഷിച്ച് നിരവധി പ്രവാസികളാണ് പദ്ധതിയുടെ ഭാഗമായത്. എന്നാൽ, നിലവിലെ നിരക്കുവർധനയോടെ നോർക്കയിൽ തുടരാനോ, പഴയ ഇൻഷുറൻസ് പോളിസികളിലേക്ക് തിരികെ പോകാനോ കഴിയാത്ത വൻ പ്രതിസന്ധിയിലാണ് സാധാരണക്കാരായ പ്രവാസികൾ എത്തിപ്പെട്ടിരിക്കുന്നത്.
പുതിയ നിരക്കുകൾ പ്രകാരം 5 ലക്ഷം രൂപയുടെ വ്യക്തിഗത പോളിസിക്ക് 51–60 പ്രായപരിധിയിലുള്ളവർ 21,722 രൂപയും, 61–70 പ്രായത്തിലുള്ളവർ 28,326 രൂപയും, 71–80 പ്രായവിഭാഗത്തിലുള്ളവർ 48,279 രൂപയും പ്രീമിയമായി നൽകണം. കുടുംബ പോളിസിയിലേക്ക് വരുമ്പോൾ ഈ നിരക്ക് യഥാക്രമം 35,664 രൂപ, 44,718 രൂപ, 77,773 രൂപ എന്നിങ്ങനെ കുത്തനെ ഉയരും. വരുമാനം കുറഞ്ഞവർക്കും വിരമിച്ച പ്രവാസികൾക്കും താങ്ങാൻ കഴിയാത്തത്ര വലിയ ബാധ്യതയാണിത്.
ഏറ്റവും കൂടുതൽ ചികിത്സാ സഹായം ആവശ്യമായി വരുന്ന പ്രായത്തിൽ പ്രീമിയം തുക വർധിപ്പിക്കുന്നത് മുതിർന്ന പൗരന്മാരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നതിന് തുല്യമാണ്. ഇൻഷുറൻസ് പോലുള്ള ക്ഷേമപദ്ധതികളുടെ ലക്ഷ്യം ലാഭമുണ്ടാക്കലല്ല, മറിച്ച് പ്രവാസികൾക്ക് ആശ്വാസമെത്തിക്കലാകണമെന്ന് ബഹ്റൈൻ പ്രതിഭ വ്യക്തമാക്കി. പ്രീമിയം വർധനവ് പിൻവലിക്കുക, മുതിർന്നവർക്കും കുറഞ്ഞ വരുമാനക്കാർക്കും സബ്സിഡി നിരക്കിൽ പരിരക്ഷ ഉറപ്പാക്കുക, പ്രവാസി സംഘടനകളുമായി ചർച്ച നടത്തി പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി വി.കെ. സുലേഷും പ്രസിഡന്റ് കെ.വി. മഹേഷും സംയുക്ത വാർത്താക്കുറിപ്പിലൂടെ മുന്നോട്ടുവെച്ചു.
്ിു്ിു

