ആപ്പ് കോൺഗ്രസിനും ആപ്പായി : പ്ലേ സ്റ്റോറിൽ നിന്ന് നീക്കി
ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ ആപ്പിലെ വിവരങ്ങൾ ചോരുന്നു എന്നതിന് പിന്നാലെ കോൺഗ്രസിന്‍റെ ഔദ്യോഗിക ആപ്പിനെതിരെയും ആരോപണം. ഈ അപ്പ് ഡൗൺലോഡ് ചെയ്ത് വിവരങ്ങൾ നൽകുന്നവരുടെ ഡാറ്റ സിംഗപ്പൂർ ആസ്ഥാനമായ കന്പനിക്ക് അനുമതിയില്ലാതെ നൽകുന്നു എന്ന് ഫ്രഞ്ച് ടെക് ഗവേഷകൻ എലിയട് ആൻഡേഴ്സൺ ആണ് വെളിപ്പെടുത്തിയിരിക്കുന്നത്. അതോടെ പ്ലേ സ്റ്റോറിൽ നിന്ന് കോൺഗ്രസ് ആപ് നീക്കം ചെയ്്തു.
ആപ്പ് പ്രവർത്തിക്കുന്ന മൊബൈലിലെ ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വയർ, നെറ്റ്‌വർക് ടൈപ്പ്, കാരിയർ തുടങ്ങിയ ഡിവൈസ് വിവരങ്ങളും ഇ−മെയിൽ, ഫോട്ടോ, വയസ്, പേര് തുടങ്ങിയ വ്യക്തിഗത വിവരങ്ങളുമാണ് ആപ്പ് വഴി ചോർത്തുന്നത് എന്നാണ് എലിയട് പറയുന്നത്. ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ വൺപ്ലസിന്‍റെ ഉപയോക്താക്കളുടെ വിവരങ്ങൾ ചോരുന്നു എന്ന വെളിപ്പെടുത്തൽ നടത്തി ശ്രദ്ധേയനായ സൈബർ സുരക്ഷ ഗവേഷകനാണ് എലിയട് ആൻഡേഴ്സൺ.
ആൻഡേഴ്സന്റെ വെളിപ്പെടുത്തൽ ഏറ്റെടുത്ത ബി.ജെ.പി കോൺഗ്രസിനെതിരെ ഇത് ആയുധമാക്കുകയായിരുന്നു. മോദിയുടെ ആപ്പ് നീക്കണമെന്ന് ആവശ്യപ്പെട്ട് ഹാഷ്ടാഗ് പ്രചരണം നടത്തിയ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തന്നെ ഇപ്പോൾ പാർട്ടിയുടെ ആപ്പ് നീക്കിയിരിക്കുന്നു. ഇതിലൂടെ കോൺഗ്രസിന് എന്തോ ഒളിക്കാനുണ്ടെന്ന് ബി.ജെ.പിയുടെ സോഷ്യൽ മീഡിയ മേധാവി അമിത് മാളവ്യ ആരോപിച്ചു.
അതേ സമയം വെബ്സൈറ്റിൽ ചില മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി ആപ്ലിക്കേഷൻ പിൻവലിക്കുകയാണെന്ന സന്ദേശം മാത്രമാണ് ഇപ്പോൾ കാണാനാവുക. ആപ് വഴി അംഗത്വമെടുക്കുന്നത് തൽക്കാലം നിർത്തിവെച്ചിരിക്കുകയാണെന്നും കോൺഗ്രസ് വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ തുടരുമെന്നും കോൺഗ്രസ് പാർട്ടി സോഷ്യൽ മീഡിയ മേധാവി ദിവ്യ സ്പന്ദന ട്വിറ്ററിലൂടെ അറിയിച്ചു.

