മയക്കുമരുന്ന് കടത്ത് കേസ്: ഫിലിപ്പീൻസ് പൗരന്റെ അപ്പീൽ ബഹ്റൈൻ കോടതി തള്ളി; 15 വർഷത്തെ തടവും 10,000 ദീനാർ പിഴയും ശരിവെച്ചു
പ്രദീപ് പുറവങ്കര
മനാമ: വിൽപ്പനയ്ക്കായി ലക്ഷക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കൈവശം വെച്ച കേസിൽ ഫിലിപ്പീൻസ് പൗരന് ലഭിച്ച 15 വർഷത്തെ തടവും 10,000 ബഹ്‌റൈൻ ദീനാർ പിഴയും സുപ്രീം ക്രിമിനൽ അപ്പീൽ കോടതി ശരിവെച്ചു. പ്രതിയുടെ അപ്പീൽ തള്ളിയ കോടതി, ശിക്ഷാകാലാവധിക്ക് ശേഷം ഇയാളെ നാട്ടിലേക്ക് നാടുകടത്താനും ഉത്തരവിട്ടു.
കെറ്റമിൻ, സിന്തറ്റിക് കന്നാബിനോയ്ഡുകൾ തുടങ്ങിയ മയക്കുമരുന്നുകൾ കൈവശം വെച്ചതിനാണ് 30 കാരനായ പ്രതിയെ ഹൈക്കോടതി ശിക്ഷിച്ചത്. തപാൽ വഴി വന്ന ലഹരി വസ്തുക്കളുടെ പൊതി കൈപ്പറ്റാനെത്തിയപ്പോഴാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്. 50 ഷീറ്റ് സി.ബി.ഡി ഓയിലും, 18.8 ഗ്രാം കെറ്റമിനുമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. 'അനസ്' എന്നയാളുടെ നിർദ്ദേശപ്രകാരമാണ് താൻ പാഴ്സൽ കൈപ്പറ്റിയതെന്നും, ജി.പി.എസ് കോർഡിനേറ്റുകൾ അനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത് എത്തിച്ചുനൽകുകയായിരുന്നു താനെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്.
പ്രതിയെ ചോദ്യം ചെയ്ത് മറ്റുള്ളവരെ പിടികൂടാൻ പൊലീസ് ശ്രമിച്ചെങ്കിലും, അന്വേഷണത്തിനിടെ ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനാൽ തുടർനടപടികൾ തടസ്സപ്പെടുകയായിരുന്നു. തുടർന്ന് പ്രതിയുടെ ഗുദൈബിയയിലെ ഫ്ലാറ്റിൽ പൊലീസ് നടത്തിയ പരിശോധനയിൽ വലിയ അളവിൽ സി.ബി.ഡി ഓയിലും, കഞ്ചാവ് സിഗരറ്റുകളും, മെത്താഫിറ്റമിനും (ഷാബു) ഡിജിറ്റൽ ത്രാസുകളും ലഹരി ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തിയിരുന്നു.
erewr

