പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള ബിൽ തള്ളാൻ ആവശ്യപ്പെട്ട് ബഹ്റൈൻ ശുറ കൗൺസിൽ
പ്രദീപ് പുറവങ്കര
മനാമ: പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിന് വിപുലമായ നിയന്ത്രണാധികാരം നൽകുന്ന പുതിയ നിയമ നിർദേശം തള്ളാൻ ബഹ്റൈൻ ശുറ കൗൺസിലിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി ശുപാർശ ചെയ്തു. ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കുന്നതും എന്നാൽ ഗതാഗതക്കുരുക്കിന് പ്രായോഗിക പരിഹാരം കാണാൻ സാധിക്കാത്തതുമാണ് ഈ ബില്ലെന്ന് സമിതി മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ നടക്കുന്ന ശുറ കൗൺസിൽ യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യും.
രാജ്യത്ത് വാഹനങ്ങളുടെ എണ്ണവും ഗതാഗതക്കുരുക്കും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പാർലമെന്റ് 2014-ലെ ട്രാഫിക് നിയമത്തിൽ പുതിയ ഭേദഗതി നിർദേശിച്ചത്. ഇതുപ്രകാരം പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നതിനുള്ള വ്യവസ്ഥകളും യോഗ്യതകളും നിർണ്ണയിക്കാനുള്ള പൂർണ്ണ അധികാരം എക്സിക്യൂട്ടീവ് അതോറിറ്റിക്ക് കൈമാറാനായിരുന്നു ശുപാർശ. എന്നാൽ, വ്യക്തമായ മാനദണ്ഡങ്ങളില്ലാതെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഭരണഘടന ഉറപ്പുനൽകുന്ന സഞ്ചാരസ്വാതന്ത്ര്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സമിതി വൈസ് ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് അൽ ഖലീഫ വ്യക്തമാക്കി.
അടിസ്ഥാന അവകാശങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ വ്യക്തമായ നിയമപരമായ സംരക്ഷണം ആവശ്യമാണെന്നും, ഇത്തരം കാര്യങ്ങൾ പൂർണ്ണമായും എക്സിക്യൂട്ടീവ് തീരുമാനങ്ങൾക്ക് വിട്ടുകൊടുക്കാൻ കഴിയില്ലെന്നും സമിതി ചൂണ്ടിക്കാട്ടി. ആഭ്യന്തര മന്ത്രാലയവും ബില്ലിൽ പുനഃപരിശോധന വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര കരാറുകൾക്ക് വിരുദ്ധമായേക്കാവുന്ന ഇത്തരം നിയന്ത്രണങ്ങൾ ഉദ്ദേശിച്ച ലക്ഷ്യം കാണാൻ സഹായിക്കില്ലെന്നും വിദേശകാര്യ സമിതി നിരീക്ഷിച്ചു.

