കേവലഭൂരിപക്ഷമില്ലാതെ ലികുഡ് പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷി; ഇസ്രയേൽ പുതിയ പാർലമെന്‍റ് നവംബർ 10ന് സത്യപ്രതിജ്ഞ ചെയ്യും


ഷീബ വിജയൻ

ജറുസലം: ഇസ്രയേൽ പാർലമെന്റായ നെസറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം സെൻട്രൽ ഇലക്ഷൻസ് കമ്മിറ്റി ഔദ്യോഗികമായി പുറത്തുവിട്ടു. തെരഞ്ഞെടുക്കപ്പെട്ട പുതിയ പാർലമെന്റ് അംഗങ്ങൾ നവംബർ 10ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 120 അംഗങ്ങളുള്ള നെസറ്റിൽ കേവല ഭൂരിപക്ഷം തികയ്ക്കാൻ 61 സീറ്റുകൾ ആവശ്യമാണെന്നിരിക്കെ, നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പിന്തുണയ്ക്കുന്ന ഭരണസഖ്യത്തിന് 53 സീറ്റുകൾ മാത്രമാണ് നേടാനായത്. മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ടിന്റെ 'യാഷർ' പാർട്ടി നയിക്കുന്ന പ്രതിപക്ഷ ചേരി 48 സീറ്റുകൾ കരസ്ഥമാക്കി.

അതേസമയം, 19 സീറ്റുകൾ നേടിയ അറബ് പാർട്ടികളുടെ സഖ്യം (ജോയിന്റ് ലിസ്റ്റും റെആം പാർട്ടിയും) ഇത്തവണ ഇസ്രായേൽ രാഷ്ട്രീയത്തിൽ നിർണായക ശക്തിയായി ഉയർന്നുവന്നിട്ടുണ്ട്. 'ദി ടൈംസ് ഓഫ് ഇസ്രയേൽ' റിപ്പോർട്ട് അനുസരിച്ച്, ലികുഡ് പാർട്ടി 27 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ, 21 സീറ്റുകൾ നേടി യാഷർ പാർട്ടി രണ്ടാമതെത്തി. ബിയാചദ് - 12, ജോയിന്റ് ലിസ്റ്റ് - 11, ദി ഡെമോക്രാറ്റ്‌സ് - 8, റാം - 8, ഇസ്രായേൽ ബെയ്തനു - 7, യുണൈറ്റഡ് തോറ ജൂതയിസം - 7, ഓട്സ്മ യെഹൂദി - 7, ഷാസ് - 6, റിലീജിയസ് സിയോണിസം - 6 എന്നിങ്ങനെയാണ് മറ്റ് പാർട്ടികളുടെ സീറ്റ് നില. ആർക്കും കേവലഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ ഇസ്രായേലിൽ വീണ്ടും ശക്തമായ രാഷ്ട്രീയ അനിശ്ചിതത്വത്തിനും ഭരണപ്രതിസന്ധിക്കും കളമൊരുങ്ങിയിരിക്കുകയാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും പുതിയ സർക്കാരുണ്ടാക്കാൻ നെതന്യാഹുവിന് കാര്യങ്ങൾ എളുപ്പമല്ല. ഭൂരിപക്ഷം തെളിയിക്കാൻ കൂടുതൽ സാധ്യതയുള്ള നേതാവിനെയാകും ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് സർക്കാരുണ്ടാക്കാൻ ആദ്യം ക്ഷണിക്കുക. ഈ നേതാവിന് നിശ്ചിത സമയത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ മറ്റ് നേതാക്കൾക്ക് അവസരം നൽകും. അതിനും സാധിച്ചില്ലെങ്കിൽ രാജ്യം വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പിലേക്ക് പോകേണ്ടിവരും. മറ്റൊരു തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ രാഷ്ട്രീയ പാർട്ടികൾ വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്ന് പ്രസിഡന്റ് ഹെർസോഗ് അഭ്യർഥിച്ചു. സഭാ നേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം സർക്കാരുണ്ടാക്കാൻ കൂടുതൽ സാധ്യതയുള്ള വ്യക്തിയെ അദ്ദേഹം ഔദ്യോഗികമായി ക്ഷണിക്കും.

article-image

sasaadssdsdsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed