'വിശുദ്ധനായ മുഖ്യമന്ത്രിയും 5,000 കോടിയുടെ തട്ടിപ്പുകാരനും തമ്മിൽ എന്താണ് ബന്ധം?'; വിജയിക്കും ടി.വി.കെക്കുമെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഉദയനിധി
ഷീബ വിജയൻ
ചെന്നൈ: 5,000 കോടി രൂപയുടെ വൻ സാമ്പത്തിക തട്ടിപ്പ് കേസിൽ കേരള പൊലീസിന്റെ പിടിയിലായ ബി.എൽ.എം. പ്രേംകുമാറും തമിഴ്നാട് മുഖ്യമന്ത്രി വിജയിയും ടി.വി.കെ. മുതിർന്ന നേതാക്കളും തമ്മിലുള്ള ദുരൂഹ ബന്ധത്തിൽ കേന്ദ്ര ഏജൻസികളുടെ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ആവശ്യപ്പെട്ടു. ജനങ്ങളുടെ പണം കവർന്ന പ്രേംകുമാറും താൻ 'വിശുദ്ധനാണെന്ന്' അവകാശപ്പെടുന്ന മുഖ്യമന്ത്രി വിജയിയും തമ്മിൽ എന്തൊക്കെ സാമ്പത്തിക ഇടപാടുകളാണുള്ളതെന്ന് എക്സിലൂടെ ഉദയനിധി ചോദിച്ചു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ നിക്ഷേപങ്ങൾ സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റിയ കേസിൽ പ്രതിയായ പ്രേംകുമാർ കഴിഞ്ഞ ജൂലൈയിൽ വിജയിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തുകയും ചിത്രങ്ങൾ പകര്ത്തുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
ടി.വി.കെ.യുടെ വിവിധ പാർട്ടി പരിപാടികൾക്കും പ്രചാരണങ്ങൾക്കുമായി പ്രേംകുമാറിന്റെ ഉടമസ്ഥതയിലുള്ള ബസുകളാണ് ഉപയോഗിച്ചിരുന്നത്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷവും വിശ്വാസ വോട്ടെടുപ്പിനു മുൻപും ഭരണകക്ഷി എം.എൽ.എമാരെ സഭയിലെത്തിക്കാൻ സർവീസ് നടത്തിയത് ഇയാളുടെ ബസുകളായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുവർക്കുമിടയിൽ നിയമവിരുദ്ധമായ ബന്ധങ്ങളില്ലെങ്കിൽ ഈ കൂടിക്കാഴ്ച ചിത്രങ്ങൾ പൊലീസിന്റെ സഹായത്തോടെ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തത് എന്തിനാണെന്നും ഉദയനിധി ചോദ്യമുയർത്തി. എം.എൽ.എമാരെ കുതിരക്കച്ചവടം നടത്തുന്നതിലും ഉപതെരഞ്ഞെടുപ്പുകളിൽ പണവും സാമഗ്രികളും വിതരണം ചെയ്തതിലും പ്രേംകുമാറിന് പങ്കുണ്ടോയെന്ന് തെളിയേണ്ടതുണ്ട്. അതിനാൽ സി.ബി.ഐ., ഇ.ഡി., എസ്.എഫ്.ഐ.ഒ. തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികൾ വിഷയത്തിൽ ഉടനടി ഇടപെട്ട് അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
dfsdfsdfs

