വയസ്സ് 78, കേ­സു­കൾ 8, കടം 62200 ദി­നാ­ർ : നാ­ടണയാൻ നളരാ­ജന്റെ­ മു­ന്നി­ലെ­ വഴി­കൾ അടഞ്ഞു­ തന്നെ­


രാജീവ് വെള്ളിക്കോത്ത് 

മനാമ: വാർദ്ധക്യത്തിന്റെ ദുരിതവഴികളിൽ‍ കാഴ്ച്ചശക്തിയും നശിച്ച് പരസഹായമില്ലാതെ എഴുന്നേൽ‍ക്കാൻ‍ പോലും പറ്റാതെ ഒരു മലയാളി ബഹ്റൈനിൽ‍ ബുദ്ധിമുട്ടുന്നു. കണ്ണൂർ തലശ്ശേരി സ്വദേശിയായ നളരാജൻ (78) എന്നയാൾ‍ക്കാണ് ഈ ദുര്യോഗം വന്നിരിക്കുന്നത്. ഇന്ത്യൻ എംബസിയും, ഐ.സി.ആർ‍.എഫും, സാമൂഹ്യപ്രവർ‍ത്തകരും ഒക്കെ കിണഞ്ഞ് ശ്രമിച്ചിട്ടും ഇദ്ദേഹത്തിന്റെ പേരിലുള്ള സാന്പത്തിക ബാധ്യതയും, ക്രിമിനൽ, സിവിൽ കേസുകളും തീർ‍ക്കാൻ‍ സാധിക്കുന്നില്ല.

ബഹ്‌റൈനിലെ പ്രമുഖ കന്പനിയുടെ ബേക്കറി ഡിവിഷനിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം പിന്നീട് മകനും ഭാര്യയും ബഹ്റൈനിലെത്തിയതോടെയാണ് വെസ്റ്റ് ഏക്കറിൽ സ്വന്തമായി ഒരു ബേക്കറി സ്ഥാപനം ആരംഭിച്ചത്. ബഹ്‌റൈൻ സ്വദേശിയെ സ്പോൺ‍സറാക്കി ആരംഭിച്ച ബേക്കറി നല്ല രീതിയിൽ നടന്നു പോവുകയും ചെയ്തു. എന്നാൽ 2011 ആയതോടെ ക്രമേണ കന്പനിക്ക് ബാധ്യതകൾ ഒന്നൊന്നായി കുന്നു കൂടുകയായിരുന്നു. പലപ്പോഴും സാധനങ്ങൾ വാങ്ങിയ കന്പനികളിൽ നളരാജന്റെ പേരിലുള്ള വ്യക്തിപരമായ ചെക്കുകൾ ആയിരുന്നു നൽകിയിരുന്നത്. ഇതോടൊപ്പം നളരാജനെ സ്ഥാപനം ഏൽ‍പ്പിച്ച് മകനും മരുമകനും നാട്ടിലേയ്ക്ക് പോയിരുന്നു. 2011ൽ ബഹ്റൈനിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളെത്തുടർന്ന് ഏക്കറിലും പരിസരത്തെയും നിരവധി കടകൾ അടയ്ക്കേണ്ടി വന്നതോടെ നളരാജന്റെ ബിസിനസും നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേയ്ക്ക് കൂപ്പു കുത്തുകയായിരുന്നു. അതോടെ ഇദ്ദേഹം ഒപ്പിട്ടു നൽകിയ ചെക്കുകൾ ഒന്നൊന്നായി മടങ്ങുകയും പലതും സാന്പത്തിക കേസ് ആയി മാറുകയും ചെയ്തു. 

മാനസികമായി തകർന്ന നളരാജൻ അതോടെ ബേക്കറി അടക്കാൻ തീരുമാനിച്ചു. മുപ്പതോളം ജോലിക്കാരാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതോടൊപ്പം ബിസിനസ് ഒരിക്കൽ അഭിവൃദ്ധിപ്പെടുമെന്നു കരുതി പലരിൽ നിന്നായി വാങ്ങിയ കടങ്ങൾ പലതും പെരുകി. ചെക്ക് കേസിൽ പോലീസ് അറസ്റ്റു ചെയ്ത നളരാജൻ ജയിലിലുമായി. അപ്പോഴേക്കും ഇദ്ദേഹത്തിന് പല അസുഖങ്ങളും പിടിപെട്ടിരുന്നു. മൂന്ന് മാസത്തെ ജയിൽ ശിക്ഷ കഴിഞ്ഞപ്പോൾ നളരാജന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജയിലധികൃതർ ഇദ്ദേഹത്തെ മോചിപ്പിച്ചെങ്കിലും കേസുകൾ നിലനിൽക്കുന്നതിനാൽ നാട്ടിലേയ്ക്ക് മടങ്ങുന്നതിന് യാത്രാവിലക്ക് തടസ്സമായി. തുടർന്നാണ് തന്റെ അവസ്ഥ വിവരിച്ചു കൊണ്ട് ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസിലൂടെ ഇദ്ദേഹം പരാതി നൽ‍കിയത്. തുടർ‍ന്ന് ഐസിആർഎഫ് പ്രവർത്തകരും ഇന്ത്യൻ എംബസിയും ഇദ്ദേഹത്തിന്റെ നാട്ടിലേക്കുള്ള മടക്കത്തിന് വേണ്ടി പരമാവധി ശ്രമിച്ചുവെങ്കിലും 8 ഓളം ക്രമിനൽ, സിവിൽ കേസുകളും 62200 ദിനാർ സാന്പത്തിക ബാധ്യതയുമുള്ള ഇദ്ദേഹത്തിന്റെ യാത്രാവിലക്ക് നീക്കുന്നതിന് ഉള്ള സാങ്കേതിക തടസ്സങ്ങൾ വളരെ വലുതാണ്. 

പ്രായത്തിന്റെ അവശതകൾക്കൊപ്പം ഒരു കണ്ണിന്റെ കാഴ്ച ശക്തി പൂർണ്ണമായും രണ്ടാമത്തെ കണ്ണിന്റെ ഭാഗികമായും നഷ്ടപ്പെട്ടു. ഗുദൈബിയ ഷബീബ റസ്റ്റോറന്റിൽ സമീപത്തെ മുറിയിൽ കുറച്ചു സുഹൃത്തുക്കളുടെ കാരുണ്യം കൊണ്ടാണ് ഇപ്പോൾ ഇയാളുടെ ജീവിതം മുന്നോട്ട് പോകുന്നത്. നളരാജന്റെ ആരോഗ്യാവസ്ഥയും പ്രായവും പരിഗണിച്ചു കൊണ്ട് കേസ് നൽകിയവർ അവ പിൻവലിക്കുകയോ അല്ലെങ്കിൽ ഇദ്ദേഹത്തിന്റെ പേരിലുള്ള സാന്പത്തിക കുടിശിക അടച്ചു തീർക്കുകയോ ചെയ്താൽ മാത്രമേ നാട്ടിലേക്കുള്ള മടക്കം യാഥാർഥ്യമാവുകയുള്ളൂ എന്നാണ് വിഷയത്തിൽ ഇടപെട്ടിട്ടുള്ള സാമൂഹ്യ പ്രവർത്തകരുടെ അഭിപ്രായം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed