പന്തിൽ കൃത്രിമം : സ്റ്റീവ് സ്മിത്തിന് ഒടുവിൽ നാണംകെട്ട രാജി
കേപ്ടൗൺ : ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിനിടെ പന്തിൽ കൃത്രിമം നടത്തിയ സംഭവത്തിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറും രാജിവെച്ചു. സ്മിത്തിനു പകരം വിക്കറ്റ് കീപ്പർ ടിം പെയ്ൻ ഓസീസിനെ നയിക്കും. സംഭവത്തെക്കുറിച്ച് ഉടൻ അന്വേഷണം നടത്തുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. ക്രിക്കറ്റിനെ നാണം കെടുത്തിയ സ്മിത്തിനെതിരെ നടപടിയെടുക്കുമെന്നും നായകസ്ഥാനത്തുനിന്നും മാറ്റുമെന്നും ഓസ്‌ട്രേലിയൻ സർക്കാർ വ്യക്തമാക്കിയിരുന്നു. ഓസീസ് ടീം രാജ്യത്തെ ചതിച്ചുവെന്ന വികാരം പങ്കുവെച്ച് ആരാധകരും മുൻ താരങ്ങളും രംഗത്തെത്തിയിരുന്നു.
ഓസ്ട്രേലിയയുടെ കാമറൂൺ ബാൻക്രോഫ്റ്റ് സാൻഡ്പേപ്പർ ഉപയോഗിച്ച് പന്ത് ചുരണ്ടുന്ന വീഡിയോയാണ് വിവാദമായത്. പന്തിൽ കൃത്രിമം കാട്ടിയെന്ന് സ്മിത്ത് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. പ്രതികൂല സാഹചര്യം ഉയർത്തിയ നിരാശയാണ് ഇതിന് പ്രേരിപ്പിച്ചതെന്നും നായകൻ പറഞ്ഞു. ഗ്രൂപ്പ് ചർച്ച ചെയ്താണ് ഈ പദ്ധതി ആവിഷ്കരിച്ചത്. തങ്ങളുടെ ഭാഗത്തുവന്ന വലിയ പിഴവാണിതെന്നും മാന്യതയ്ക്ക് നിരക്കാത്തതാണെന്നും ഓസീസ് നായകൻ കുറ്റസമ്മതം നടത്തിയിരുന്നു.
അതേസമയം സ്റ്റീവ് സ്മിത്തിനെ ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ് നായക സ്ഥാനത്തുനിന്നും മാറ്റി. ഹൈദരാബാദിന്റെ നായകനായ വാർണർക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്.

