തോൽവികളിൽ നിന്ന് പാഠം ഉൾക്കൊള്ളണം; ന്യൂസിലൻഡ് പരമ്പരയ്ക്ക് ശേഷം ഇന്ത്യൻ ടീമിന് ഗൗതം ഗംഭീറിന്റെ മുന്നറിയിപ്പ്
ശാരിക
ഹാമിൽട്ടൺ: ന്യൂസിലൻഡിനെതിരായ ടി20 പരമ്പര 3-2ന് സ്വന്തമാക്കിയെങ്കിലും അവസാന രണ്ട് മത്സരങ്ങളിലെ തോൽവികളിൽ നിന്ന് ടീം പാഠം ഉൾക്കൊള്ളണമെന്ന് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിന്റെ മുന്നറിയിപ്പ്. ഹാമിൽട്ടണിൽ നടന്ന അവസാന മത്സരത്തിന് ശേഷം ഡ്രസിങ് റൂമിൽ താരങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരയിൽ ഇന്ത്യ ആദ്യം 3-0ന് മുന്നിലെത്തിയെങ്കിലും പിന്നീട് തുടർച്ചയായി രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടിരുന്നു.
പരമ്പരയിലെ മൊത്തത്തിലുള്ള പ്രകടനത്തിൽ താരങ്ങൾ അഭിമാനിക്കണമെന്ന് ഗംഭീർ പറഞ്ഞു. സ്വന്തം നാട്ടിൽ ശക്തരായ ന്യൂസിലൻഡ് ടീമിനെതിരെ, കൃത്യമായ തയ്യാറെടുപ്പുകൾക്ക് ഒരൊറ്റ ദിവസം മാത്രം ലഭിച്ച സാഹചര്യത്തിൽ പരമ്പര സ്വന്തമാക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവസാന രണ്ട് മത്സരങ്ങളും ജയിക്കാനായിരുന്നു ആഗ്രഹിച്ചതെങ്കിലും ഇത്തരം കാര്യങ്ങൾ ക്രിക്കറ്റിൽ സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരമ്പരയിലൂടെ ഇന്ത്യൻ ടി20 ടീം വരാനിരിക്കുന്ന വലിയ പര്യടനങ്ങൾക്ക് ശക്തമായ അടിത്തറയിട്ടതായും ഗംഭീർ വിലയിരുത്തി. ഇനി ഏകദിന, ടെസ്റ്റ് ടീമുകളുടെ ഉത്തരവാദിത്തമാണ് ഈ പ്രകടനത്തിന്റെ തുടർച്ച ഉറപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഏകദിന ലോകകപ്പ് വർഷമായതിനാൽ ഇന്ത്യയ്ക്ക് ഇനി അധികം ടി20 മത്സരങ്ങളുണ്ടാകില്ല. ഡിസംബർ 22-ന് ആരംഭിക്കുന്ന ശ്രീലങ്കൻ പരമ്പരയാണ് ടീമിന്റെ അടുത്ത ടി20 ദൗത്യം. അതുവരെ എല്ലാ താരങ്ങളും കൃത്യമായ ശാരീരികക്ഷമത നിലനിർത്തുകയും മികച്ച രീതിയിൽ പരിശീലനം നടത്തുകയും വേണമെന്ന് ഗംഭീർ നിർദേശിച്ചു. ശ്രീലങ്കയെ ഒരു തരത്തിലും നിസ്സാരമായി കാണരുതെന്നും എതിരാളികൾ ആരായാലും ടീമെന്ന നിലയിൽ വളരാനും ഒരുമിച്ച് ചിന്തിച്ച് കളിക്കാനും കഴിയണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

