തെക്കുകിഴക്കൻ ഏഷ്യയുമായി ബഹ്റൈനെ ബന്ധിപ്പിക്കാൻ എയർ ഏഷ്യ; മാർച്ചിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കും


പ്രദീപ് പുറവങ്കര

മനാമ: തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളെ മനാമയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള നേരിട്ടുള്ള വിമാന സർവീസുകൾക്ക് മുന്നോടിയായി ബഹ്‌റൈനിൽ ആദ്യ ഡയറക്ടർ ബോർഡ് രൂപീകരിച്ച് പ്രമുഖ ബജറ്റ് എയർലൈനായ എയർ ഏഷ്യ. 'ഗേറ്റ്‌വേ ഗൾഫ് 2026' നിക്ഷേപ സംഗമത്തിൽ ക്യാപിറ്റൽ എ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും എയർ ഏഷ്യ സഹസ്ഥാപകനുമായ ടോണി ഫെർണാണ്ടസ്, ബഹ്‌റൈൻ ഗതാഗത ടെലികമ്യൂണിക്കേഷൻസ് മന്ത്രി ഡോ. ശൈഖ് അബ്ദുള്ള ബിൻ അഹമ്മദ് അൽ ഖലീഫ എന്നിവർ ചേർന്നാണ് പുതിയ ബോർഡ് അംഗങ്ങളെ പ്രഖ്യാപിച്ചത്. നോൺ-എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. സെറ കിർദാർ അധ്യക്ഷയായ ഭരണസമിതിയിൽ ഫാം ലീ ഈ വൈസ് ചെയർമാനായി പ്രവർത്തിക്കും. ഡോ. ഫൈസൽ കനൂ, നവാഫ് അൽ സയാനി, അക്രം സഫ, ലോർഡ് അഹമ്മദ് ഓഫ് വിംബിൾഡൺ, ജമാലുദ്ദീൻ ഇബ്രാഹിം എന്നിവരാണ് ബോർഡിലെ മറ്റ് നോൺ-എക്‌സിക്യൂട്ടീവ് ഡയറക്ടർമാർ.

ബഹ്‌റൈൻ സർക്കാരിന്റെ ഗോൾഡൻ ലൈസൻസ് ലഭിച്ച ഈ പദ്ധതിയിലൂടെ ആസിയാൻ മേഖലയെ മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന കേന്ദ്രമായി ബഹ്‌റൈൻ മാറും. 50 മില്യൺ ഡോളറിലധികം നിക്ഷേപം നടത്തുകയോ 500-ലധികം പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയോ ചെയ്യുന്ന വൻകിട പദ്ധതികൾക്ക് അതിവേഗ അനുമതികളും മുൻഗണനാ ഭൂമി അനുവദിക്കലും ഉറപ്പാക്കുന്നതാണ് ഗോൾഡൻ ലൈസൻസ്. 2027 മാർച്ചോടെ സർവീസുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും കുറഞ്ഞ നിരക്കിലുള്ള യാത്രാ സൗകര്യം തുടരുമെന്നും ടോണി ഫെർണാണ്ടസ് വ്യക്തമാക്കി. മലേഷ്യ, തായ്‌ലൻഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പുതിയ റൂട്ടുകൾക്കായി 324 എയർബസ് A321 വിമാനങ്ങൾ എയർ ഏഷ്യ ഉപയോഗപ്പെടുത്തും.

2030-ഓടെ വിമാന സർവീസുകൾ 100 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ബഹ്‌റൈന്റെ ദേശീയ തന്ത്രത്തിന് ഈ പദ്ധതി വലിയ കരുത്താകുമെന്ന് ഗതാഗത മന്ത്രി ഡോ. ശൈഖ് അബ്ദുള്ള ചൂണ്ടിക്കാട്ടി. യാത്രാ സർവീസുകൾക്ക് പുറമെ, ക്യാപിറ്റൽ എയുടെ ലോജിസ്റ്റിക്സ് വിഭാഗമായ ടെലിപോർട്ട് കാർഗോ സർവീസുകൾ വിപുലീകരിക്കുന്നുണ്ട്. കൂടാതെ, ഏഷ്യ ഡിജിറ്റൽ എഞ്ചിനീയറിംഗ് (ADE), മുംതലകാത്തുമായി ചേർന്ന് 40 പരിപാലന ബേകളുള്ള കൂറ്റൻ വിമാന അറ്റകുറ്റപ്പണി കേന്ദ്രവും (MRO) ബഹ്‌റൈനിൽ സ്ഥാപിക്കും. ഇത് പ്രദേശവാസികൾക്ക് നിരവധിയായ ഉന്നത സാങ്കേതിക തൊഴിലവസരങ്ങൾ നൽകുമെന്ന് പുതിയ ബോർഡ് അധ്യക്ഷ ഡോ. സെറ കിർദാർ വ്യക്തമാക്കി.

article-image

csdsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed