ജിസിസി റെയിൽവേ പദ്ധതിയുടെ പ്രധാന പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് ബഹ്‌റൈൻ ഗതാഗത മന്ത്രി
പ്രദീപ് പുറവങ്കര
മനാമ: ആറ് ഗൾഫ് രാജ്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന ചരിത്രപ്രധാനമായ ജിസിസി റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ബഹ്‌റൈൻ ഗതാഗത ടെലികമ്യൂണിക്കേഷൻസ് മന്ത്രി ഡോ. ശൈഖ് അബ്ദുള്ള ബിൻ അഹമ്മദ് അൽ ഖലീഫ വ്യക്തമാക്കി. 'ഗേറ്റ്‌വേ ഗൾഫ് 2026' ഫോറത്തിന്റെ അനുബന്ധ ചടങ്ങുകളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്‌റൈനിൽ ഉടൻ നടക്കാനിരിക്കുന്ന ജിസിസി മന്ത്രിതല യോഗത്തിൽ ഇത് സംബന്ധിച്ച് വൻ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ഭാഗമായി പല അംഗരാജ്യങ്ങളും തങ്ങളുടെ പ്രദേശങ്ങളിലെ റെയിൽ പാതകളുടെ നിർമ്മാണം ഇതിനകം ആരംഭിച്ചുകഴിഞ്ഞു.
ജിസിസി ഉച്ചകോടിയുടെ പ്രാദേശിക സഹകരണത്തിന് വലിയ മുൻഗണന നൽകുന്ന ബഹ്‌റൈൻ, സൗദി അറേബ്യയുമായി ചേർന്ന് രണ്ടാം കോസ്‌വേ നിർമ്മാണത്തിലും ജിസിസി റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിലും സജീവമായി സഹകരിക്കുന്നുണ്ട്. പദ്ധതിക്ക് ആവശ്യമായ നിയമ നിർമ്മാണ നടപടികൾ അന്തിമഘട്ടത്തിലാണ്. ലാൻഡ്, സീ, എയർ (റോഡ്, സമുദ്ര, വ്യോമ) മാർഗ്ഗങ്ങളെ സംയോജിപ്പിച്ചുകൊണ്ടുള്ള ബഹുരാഷ്ട്ര ഗതാഗത സംവിധാനം (Multimodal Transport System) വഴി ചരക്കുനീക്ക സമയം 50 ശതമാനവും ചെലവ് 40 ശതമാനവും കുറയ്ക്കാൻ സാധിച്ചതായി മന്ത്രി കൂട്ടിച്ചേർത്തു. വിതരണ ശൃംഖലകളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ ഗതാഗത പാതകളും മികച്ച ഡാറ്റാ കൈമാറ്റവും അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
assddsaadsads

