പൊലീസിന്റെ 'സ്ട്രീറ്റ് ഫൈറ്റ്'! സ്ഥലംമാറ്റത്തിൽ രോഷം പുകയുന്നു; ആസ്ഥാനം വളഞ്ഞ് ഡൽഹി പൊലീസ്!


ഷീബ വിജയൻ


ന്യൂഡൽഹി: രണ്ട് ഉയർന്ന ഉദ്യോഗസ്ഥരെ പെട്ടെന്ന് സ്ഥലംമാറ്റിയ തീരുമാനത്തിൽ പ്രതിഷേധിച്ച് ഡൽഹി പൊലീസ് ആസ്ഥാനത്തിന് മുന്നിൽ തെരുവിലിറങ്ങി ജീവനക്കാരുടെ പരസ്യ പ്രതിഷേധം. തിങ്കളാഴ്ച രാവിലെ ഡൽഹി പൊലീസ് ആസ്ഥാനത്തിന്റെ ഒന്നാം നമ്പർ ഗേറ്റിന് മുന്നിലെ നടപ്പാതയിൽ എൺപതോളം പൊലീസ് ഉദ്യോഗസ്ഥർ ഒത്തുകൂടിയാണ് നാടകീയമായി പ്രതിഷേധിച്ചത്.

പ്രതിഷേധം ശക്തമായതോടെ ന്യൂഡൽഹി ഡെപ്യൂട്ടി പൊലീസ് കമീഷണർ സച്ചിൻ ശർമ നേരിട്ടെത്തി സ്ഥലംമാറ്റപ്പെട്ട അസിസ്റ്റന്റ് പൊലീസ് കമീഷണർ (എ.സി.പി) മാനസ്വി വസിഷ്ഠയുമായി ചർച്ച നടത്തി. സേനയുടെ അച്ചടക്കം പാലിക്കണമെന്നും പ്രതിഷേധത്തിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ചർച്ചകൾക്കായി ആസ്ഥാനത്തിനുള്ളിലേക്ക് വരാൻ ആവശ്യപ്പെട്ടെങ്കിലും പൊലീസുകാർ തയാറായില്ല. പൊലീസ് കമീഷണർ നേരിട്ടെത്തി പരാതികൾ കേൾക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. എന്നാൽ മുതിർന്ന ഉദ്യോഗസ്ഥരാരും ഇവരെ നേരിൽ കാണാൻ എത്തിയില്ല.

ഒക്ടോബർ 23-ന് ഷഹ്ദാര പൊലീസ് സ്റ്റേഷനിലുണ്ടായ സംഘർഷത്തിൽ ഒരു അഭിഭാഷകന് തലയ്ക്ക് പരിക്കേറ്റതാണ് സംഭവങ്ങളുടെ തുടക്കം. ഇതിനെത്തുടർന്ന് എ.സി.പി മാനസ്വി വസിഷ്ഠയെയും ഇൻസ്പെക്ടർ അരുൺ കുമാറിനെയും അടിയന്തരമായി സ്ഥലംമാറ്റിയിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് അഭിഭാഷകർ നടത്തിവന്ന സമരം ഈ സ്ഥലംമാറ്റത്തോടെ അവസാനിച്ചെങ്കിലും, നടപടി പുനഃപരിശോധിക്കണമെന്നും ഉദ്യോഗസ്ഥരെ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി പൊലീസിലെ ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു.

വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിച്ച സന്ദേശങ്ങളെ തുടർന്ന് ഉദ്യോഗസ്ഥർ ഒത്തുകൂടുന്നത് തടയാൻ അധികൃതർ നിർദേശം നൽകിയിരുന്നെങ്കിലും അത് മറികടന്നാണ് പൊലീസുകാർ ആസ്ഥാനത്തെത്തിയത്. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ തരൺജിത് സിങ് സന്ധു ചൊവ്വാഴ്ച വൈകീട്ട് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താൻ നിശ്ചയിച്ചിരിക്കെയാണ് ഈ പ്രതിഷേധം നടന്നത്.

article-image

eq eqweqweqw

You might also like

  • Lulu Exchange
  • Straight Forward

Most Viewed