ബഹ്റൈനെ സാമ്പത്തിക കേന്ദ്രമാക്കാൻ സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തമാക്കും: കിരീടാവകാശി പ്രിൻസ് സൽമാൻ
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തിന്റെ സമഗ്രമായ വികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം അത്യാവശ്യമാണെന്ന് ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ. ഫോർ സീസൺസ് ഹോട്ടൽ ബഹ്റൈൻ ബേയിൽ നടക്കുന്ന നാലാമത് 'ഗേറ്റ്വേ ഗൾഫ് ഇൻവെസ്റ്റ്മെന്റ് ഫോറം 2026'ൽ പങ്കെടുക്കാനെത്തിയ അന്താരാഷ്ട്ര ബാങ്കിംഗ്, ധനകാര്യ സ്ഥാപനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ ബഹ്റൈൻ കൈവരിക്കുന്ന സാമ്പത്തിക മുന്നേറ്റത്തിൽ സ്വകാര്യ മേഖല പ്രമുഖ പങ്കാളിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അത്യാധുനിക നിയമ-നിയന്ത്രണ ചട്ടക്കൂടുകളും മികച്ച അടിസ്ഥാന സൗകര്യങ്ങളുമുള്ള ബഹ്റൈൻ, വിദേശ നിക്ഷേപകർക്ക് മികച്ച അവസരങ്ങളാണ് ഒരുക്കുന്നത്. ആഗോള വിപണിയിലെ മാറ്റങ്ങൾക്ക് അനുസൃതമായി സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ അന്താരാഷ്ട്ര ബാങ്കിംഗ് സ്ഥാപനങ്ങൾക്ക് സാധിക്കും. അനുഭവസമ്പത്ത് പങ്കുവെക്കുന്നതിലൂടെയും പങ്കാളിത്തം വിപുലീകരിക്കുന്നതിലൂടെയും ബഹ്റൈനെ മേഖലയിലെ മുൻനിര ധനകാര്യ ഹബ്ബായി നിലനിർത്താൻ സാധിക്കുമെന്നും കിരീടാവകാശി ചൂണ്ടിക്കാട്ടി. ബഹ്റൈന്റെ നിക്ഷേപസൗഹൃദ നയങ്ങൾ രാജ്യത്തിന്റെ പദവി ഉയർത്തിയതായി യോഗത്തിൽ പങ്കെടുത്ത സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ, ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ധനകാര്യ ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
dfsdsadsads
asadsadsdsa

