സാമ്പത്തിക വളർച്ചയും തന്ത്രപ്രധാന നിക്ഷേപ കൂട്ടായ്മകളും ശക്തമാക്കുമെന്ന് ബഹ്റൈൻ പ്രധാനമന്ത്രി ;ബഹ്റൈനിലേക്ക് 3.89 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപം
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തിന്റെ തന്ത്രപ്രധാനമായ സാമ്പത്തിക, നിക്ഷേപ പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുന്നതും ആഗോള തലത്തിൽ സാമ്പത്തിക സഹകരണം വികസിപ്പിക്കുന്നതും ബഹ്റൈൻ തുടരുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വ്യക്തമാക്കി. രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ ബഹ്റൈന്റെ സാമ്പത്തിക മേഖലയെയും പ്രാദേശിക, അന്തർദേശീയ തലത്തിലുള്ള പദവിയെയും ഉയർത്താനുള്ള ദർശനമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നാലാമത് 'ഗേറ്റ്വേ ഗൾഫ് ഇൻവെസ്റ്റ്മെന്റ് ഫോറം 2026' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജിസിസി രാജ്യങ്ങളും അന്താരാഷ്ട്ര പങ്കാളികളും തമ്മിലുള്ള സാമ്പത്തിക ബന്ധം ദൃഢമാക്കാനും പുതിയ നിക്ഷേപ അവസരങ്ങൾ പങ്കുവെക്കാനും ഇത്തരം ഫോറങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്. ലഭ്യമായ വിഭവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി സമ്പദ്വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനും ദേശീയ സമ്പദ്വ്യവസ്ഥയിൽ പ്രധാന മേഖലകളുടെ സംഭാവന ഉറപ്പാക്കാനും പ്രിൻസ് സൽമാൻ ആഹ്വാനം ചെയ്തു. സാമ്പത്തിക സാങ്കേതിക സഹകരണങ്ങൾ വർദ്ധിപ്പിക്കാനും നിക്ഷേപ അന്തരീക്ഷം കൂടുതൽ ആകർഷകമാക്കാനും രാജ്യം മുൻഗണന നൽകുന്നുണ്ട്. ധനകാര്യ, ദേശീയ സാമ്പത്തിക കാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ ഫോറത്തിൽ മുഖ്യപ്രഭാഷണം നടത്തി. യുഎഇ സാമ്പത്തിക ടൂറിസം മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മർറി, ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി എന്നിവർ പങ്കെടുത്ത ചർച്ചാ പാനലിലും കിരീടാവകാശി പങ്കെടുത്തു.
ചടങ്ങിന്റെ ഉദ്ഘാടന വേളയിൽ വ്യോമയാനം, റിയൽ എസ്റ്റേറ്റ്, ഐ.ടി മേഖലകളിലായി 3.89 ബില്യൺ ഡോളറിന്റെ നിക്ഷേപം വരുന്ന നാല് വൻകിട പദ്ധതികൾക്ക് 'ഗോൾഡൻ ലൈസൻസ്' പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും വലിയ തോതിലുള്ള ഉന്നത തൊഴിലവസര സൃഷ്ടിക്കും ഈ പദ്ധതികൾ വഴിയൊരുക്കും. ആഗോള ലോജിസ്റ്റിക്സ് ഭീമനായ ഡി.എച്ച്.എൽ, തങ്ങളുടെ അന്താരാഷ്ട്ര വിമാന വ്യൂഹത്തിന് പിന്തുണയേകുന്നതിനായി മേഖലയിലെ ആദ്യത്തെ മെയിന്റനൻസ്, റിപ്പെയർ ആന്റ് ഓവർഹോൾ (MRO) കേന്ദ്രം ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഥാപിക്കും. ഇതോടൊപ്പം എയർ ഏഷ്യയുടെ മാതൃ കമ്പനിയായ ക്യാപിറ്റൽ എ, യൂറോപ്പുമായും ഈസ്റ്റ് ഏഷ്യയുമായുമുള്ള യാത്രാ ബന്ധം മെച്ചപ്പെടുത്തൽ, എയർ കാർഗോ ശേഷി വർദ്ധിപ്പിക്കൽ, വിമാന അറ്റകുറ്റപ്പണി സൗകര്യങ്ങൾ വിപുലീകരിക്കൽ എന്നീ ലക്ഷ്യങ്ങളോടെ മൂന്ന് പ്രധാന പദ്ധതികൾ പ്രഖ്യാപിച്ചു. റിയൽ എസ്റ്റേറ്റ് മേഖലയിൽ, അംവാജ് ഐലൻഡ്സിൽ അഞ്ച് നക്ഷത്ര ഹോട്ടലും ലക്ഷ്വറി റെസിഡൻസുകളും നിർമ്മിക്കുന്നതിനായി ഇൻഫ്രാകോർപ്പും പ്രമുഖ ആതിഥേയ ബ്രാൻഡായ മെലിയയും കൈകോർക്കും. സാങ്കേതിക മുന്നേറ്റം ലക്ഷ്യമിട്ട് അടുത്ത തലമുറ ഐസിടി, ഇന്നൊവേഷൻ, എഡ്യൂക്കേഷൻ ഹബ്ബ് സ്ഥാപിക്കാൻ ഡിജിറ്റൽ സിറ്റി ബഹ്റൈനും മുന്നോട്ടുവന്നിട്ടുണ്ട്.
വൻകിട നിക്ഷേപങ്ങൾക്ക് വേഗത്തിലുള്ള നിയന്ത്രണ അംഗീകാരങ്ങൾ, മുൻഗണനാടിസ്ഥാനത്തിൽ ഭൂമി അനുവദിക്കൽ, പ്രത്യേക സർക്കാർ അക്കൗണ്ട് മാനേജ്മെന്റ് തുടങ്ങിയ വിപുലമായ ആനുകൂല്യങ്ങളാണ് ഗോൾഡൻ ലൈസൻസിലൂടെ ബഹ്റൈൻ സർക്കാർ ഉറപ്പുനൽകുന്നത്.
adsdsdfsds

