പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള ബില്ലുകൾ ബഹ്‌റൈൻ ശൂറ കൗൺസിൽ തള്ളി


പ്രദീപ് പുറവങ്കര

മനാമ: പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ലക്ഷ്യമിട്ട് കൊണ്ടുവന്ന രണ്ട് പ്രധാന ബില്ലുകൾ ബഹ്‌റൈൻ ശൂറ കൗൺസിൽ തള്ളി. നിയമപരമായ പ്രത്യാഘാതങ്ങൾ, അധിക സാമ്പത്തിക ബാധ്യതകൾ, ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിൽ ബില്ലുകൾക്കുള്ള അപ്രായോഗികത എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി. വിദേശകാര്യ ഡിഫൻസ് ആന്റ് നാഷണൽ സെക്യൂരിറ്റി കമ്മിറ്റിയുടെ ശുപാർശയെ തുടർന്ന് രണ്ട് നിർദ്ദേശങ്ങളും കൗൺസിൽ പാർലമെന്റിലേക്ക് തിരിച്ചയച്ചു.

പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി അവരുടെ റെസിഡൻസ് പെർമിറ്റിന്റെ കാലാവധിയുമായി പരിമിതപ്പെടുത്തുക, പ്രവാസികൾക്ക് പുതിയ ലൈസൻസ് നൽകുന്നതിൽ കൂടുതൽ കടുത്ത നിബന്ധനകൾ ഏർപ്പെടുത്താൻ സർക്കാരിന് അധികാരം നൽകുക എന്നിവയായിരുന്നു ബില്ലിലെ പ്രധാന നിർദ്ദേശങ്ങൾ. എന്നാൽ നിലവിലുള്ള നിയമപ്രകാരം തന്നെ ലൈസൻസിന് അപേക്ഷിക്കാനും പുതുക്കാനും സാധുവായ റെസിഡൻസി പെർമിറ്റ് നിർബന്ധമാണെന്ന് കമ്മിറ്റി റിപ്പോർട്ടർ അലി അൽ അറൈദി വ്യക്തമാക്കി. ഇഖാമ കാലാവധിക്ക് അനുസരിച്ച് ലൈസൻസ് നൽകുന്നത് അടിക്കടി പുതുക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കുമെന്നും ഇത് തൊഴിലുടമകൾക്കും പ്രവാസികൾക്കും വലിയ പേപ്പർ വർക്കുകൾക്കും അധിക ഫീസിനും വഴിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിർദ്ദിഷ്ട നിയന്ത്രണങ്ങൾ ഭരണഘടനയുടെ ആർട്ടിക്കിൽ 31-ന്റെ ലംഘനമാകാൻ സാധ്യതയുണ്ടെന്നും സമിതി നിരീക്ഷിച്ചു.

ലൈസൻസുകളുടെ എണ്ണമല്ല, മറിച്ച് റോഡിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണവും പൊതുഗതാഗത സംവിധാനങ്ങളുടെ ഉപയോഗവുമാണ് ട്രാഫിക് കുരുക്കിന് പ്രധാന കാരണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ഖാലിദ് ബുഖൈസ് വ്യക്തമാക്കി. ട്രാഫിക് പ്രശ്നങ്ങൾ പഠിക്കാൻ ആഭ്യന്തര മന്ത്രാലയം ചുമതലപ്പെടുത്തിയ അന്താരാഷ്ട്ര പഠന റിപ്പോർട്ടിന്റെ കരട് ഈ വർഷാവസാനത്തോടെ പുറത്തുവരാനിരിക്കെ, തിടുക്കപ്പെട്ട് നിയമനിർമ്മാണം നടത്തുന്നത് ശരിയല്ലെന്ന് ശൂറ കൗൺസിൽ സെക്കൻഡ് ഡെപ്യൂട്ടി ചെയർ ഡോ. ജിഹാദ് അൽ ഫദൽ അഭിപ്രായപ്പെട്ടു.

article-image

ddfsdfsdfsfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed