ഇന്ത്യൻ സ്‌കൂൾ ജീവനക്കാരുടെ വേതനം കൃത്യമായി നൽകണം; ഭരണസമിതിയുടെ വീഴ്ചയിൽ ആശങ്ക അറിയിച്ച് യു.പി.പി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂളിലെ അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും കൃത്യസമയത്ത് വേതനം നൽകുന്നതിൽ ഭരണസമിതി വരുത്തുന്ന വീഴ്ച കുട്ടികളുടെ പഠനാന്തരീക്ഷത്തെ ദോഷകരമായി ബാധിക്കുമെന്ന് യുണൈറ്റഡ് പാരന്റ് പാനൽ (യു.പി.പി.) വ്യക്തമാക്കി. സ്കൂളിന്റെ സാമ്പത്തിക, ഭരണപരമായ പ്രവർത്തനങ്ങളിൽ ഗുരുതരമായ ആശങ്കയുണ്ടെന്നും യു.പി.പി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കരുത്തായ അധ്യാപകരുടെയും ജീവനക്കാരുടെയും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാതെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാനാവില്ല. ശമ്പളം വൈകുന്നത് മൂലം ജീവനക്കാർക്കുണ്ടാകുന്ന മാനസിക സമ്മർദ്ദം പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഭരണസമിതി ഗൗരവമായി കാണണം.

റിഫ ക്യാമ്പസ് കെട്ടിട നിർമാണ വായ്പ തിരിച്ചടവിനായി ഇൻഫ്രാസ്ട്രക്ചർ ഫീസെന്ന പേരിൽ ഓരോ കുട്ടിൽ നിന്നും പ്രതിമാസം നാലര ദിനാറോളം ഈടാക്കിയിരുന്നു. വായ്പ തിരിച്ചടവ് മാർച്ചിലോ ഏപ്രിലിലോ പൂർത്തിയായിട്ടും ഈ തുക പിരിക്കുന്നത് തുടരുകയാണ്. ഇതിലൂടെ പ്രതിമാസം അമ്പതിനായിരം ദിനാറോളം അധിക വരുമാനം ലഭിച്ചിട്ടും അധ്യാപകർക്ക് കൃത്യമായി ശമ്പളം നൽകാൻ കഴിയാത്തത് സാമ്പത്തിക മാനേജ്‌മെന്റിലെ പോരായ്മയാണ് കാണിക്കുന്നത്.

ഈ അധിക വരുമാനം എന്തിനാണ് വിനിയോഗിക്കുന്നതെന്ന് രക്ഷിതാക്കൾക്ക് വ്യക്തമാക്കാൻ ഭരണസമിതി തയ്യാറാകണം. സ്‌കൂളിന്റെ സാമ്പത്തിക കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്താനും, ജീവനക്കാരുടെ വേതനം തടസ്സമില്ലാതെ നൽകാനും ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യു.പി.പി ആവശ്യപ്പെട്ടു.

article-image

sdgs

You might also like

  • Lulu Exchange
  • Straight Forward

Most Viewed