യുദ്ധക്കളത്തിൽ 'സൈബർ അറ്റാക്ക്': റഷ്യയിലെയും യുക്രെയ്നിലെയും അടിയന്തര ആപ്പുകൾ ഹാക്ക് ചെയ്തു, തെറ്റായ സന്ദേശങ്ങളിൽ ഭീതി
ഷീബ വിജയൻ
മോസ്കോ: റഷ്യയിലെയും യുക്രെയ്നിലെയും രാജ്യത്തുടനീളമുള്ള ഔദ്യോഗിക അടിയന്തര മുന്നറിയിപ്പ് സംവിധാനങ്ങൾ ആസൂത്രിതമായി ഹാക്ക് ചെയ്യപ്പെട്ടു. ഇതേതുടർന്ന് ആണവ, രാസായുധ ഭീഷണികളും അന്തരീക്ഷത്തിൽ റേഡിയേഷൻ അപകടസാധ്യതയും ഉണ്ടെന്ന രീതിയിലുള്ള വ്യാജ സന്ദേശങ്ങൾ ജനങ്ങളുടെ മൊബൈൽ ഫോണുകളിൽ വ്യാപകമായി പ്രചരിച്ചു. യുക്രെയ്നിലെ വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്ന ആപ്പും റഷ്യൻ അടിയന്തര സാഹചര്യ മന്ത്രാലയത്തിന്റെ ആപ്പുമാണ് ഒരേസമയം തകരാറിലായത്.
യുക്രെയ്നിലാണ് ആദ്യം സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്തത്. തലസ്ഥാനമായ കീവിലും സമീപ പ്രദേശങ്ങളിലും തെരുവുയുദ്ധ സാധ്യതയുണ്ടെന്നും റഷ്യയുടെ ഒറെഷ്നിക് ഹൈപ്പർസോണിക് മിസൈൽ ആക്രമണം നടന്നുവെന്നും സന്ദേശങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ ആപ്പ് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും നിലവിൽ അപകടഭീഷണിയില്ലെന്നും വ്യക്തമാക്കിയ യുക്രെയ്ൻ വ്യോമസേന ജനങ്ങളോട് പരിഭ്രാന്തരാകരുതെന്നും ആവശ്യപ്പെട്ടു.
അതേസമയം ഡ്രോൺ ആക്രമണ മുന്നറിയിപ്പ് നൽകുന്ന തങ്ങളുടെ ആപ്പും ഹാക്ക് ചെയ്യപ്പെട്ടതായി റഷ്യൻ സർക്കാരും സ്ഥിരീകരിച്ചു. ആപ്പിന്റെ പ്രവർത്തനം പുനഃസ്ഥാപിക്കാൻ സാങ്കേതിക വിദഗ്ധർ ശ്രമം തുടരുകയാണ്. എങ്കിലും സൈറണുകൾ, എസ്.എം.എസ്, റേഡിയോ തുടങ്ങിയ മറ്റ് അടിയന്തര സംവിധാനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് റഷ്യ വ്യക്തമാക്കി.
റഷ്യയാണ് ആക്രമണത്തിന് പിന്നിലെന്ന് യുക്രെയ്ൻ ആരോപിച്ചപ്പോൾ, ആരാണ് റഷ്യൻ ആപ്പ് ഹാക്ക് ചെയ്തതെന്ന് റഷ്യ വ്യക്തമാക്കിയിട്ടില്ല. ഖേർസൺ മേഖലയിലെ ഒലെഷ്കിയിൽ നിലനിന്നിരുന്ന പ്രാദേശിക വെടിനിർത്തൽ അവസാനിച്ച നിർണായക സമയത്താണ് ഇരുരാജ്യങ്ങളിലെയും സംവിധാനങ്ങളെ ലക്ഷ്യമിട്ട് സൈബർ ആക്രമണങ്ങൾ നടന്നിരിക്കുന്നത്.
dsfdsfdfsds

