പരമാധികാരവും വിദേശ ഇടപെടലില്ലായ്മയും അംഗീകരിച്ചാൽ സുരക്ഷാ ചട്ടക്കൂടിൽ ഇറാന് പങ്കാളിയാകാം: ബഹ്റൈൻ വിദേശകാര്യ മന്ത്രി
പ്രദീപ് പുറവങ്കര
മനാമ: രാജ്യങ്ങളുടെ പരമാധികാരത്തെയും കടൽപ്പാതകളിലെ സ്വാതന്ത്ര്യത്തെയും ബഹുമാനിക്കുകയും ഭീഷണികളും ഇടപെടലുകളും പൂർണ്ണമായി ഉപേക്ഷിക്കുകയും ചെയ്താൽ മേഖലയിലെ സുരക്ഷാ ചട്ടക്കൂടിൽ ഇറാന് പങ്കാളിയാകാമെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി വ്യക്തനാക്കി. ഐഐഎസ്എസ് മനാമ ഡയലോഗിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തത്വങ്ങൾ അക്ഷരംപ്രതി പാലിക്കാൻ തയ്യാറായാൽ ഇറാന് മുന്നിൽ വാതിലുകൾ തുറന്നുകിടക്കുകയാണെന്നും എന്നാൽ അത് പ്രത്യേക ഇളവുകൾക്കുള്ളതല്ല, മറിച്ച് കൃത്യമായ നിയമങ്ങൾ പാലിക്കാനുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ്-ഇറാൻ സംഘർഷം ആരംഭിച്ചതിനുശേഷം ബഹ്റൈന്റെയും ജിസിസിയുടെയും നിലനിൽപ്പിന് അത്യാവശ്യമായ കടൽ, ആകാശം, ഡാറ്റ ശൃംഖലകൾ എന്നിവ നേരിടുന്ന ഭീഷണികൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ജിസിസി രാജ്യങ്ങൾക്കും ജോർദാനും നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉൾപ്പെടെ ഏതാണ്ട് 7,000-ത്തോളം ആക്രമണങ്ങളാണ് ഉണ്ടായത്. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഡാറ്റാ സെന്ററുകൾ തുടങ്ങിയ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണങ്ങൾ. കടലിൽ ഹൂതികൾ 1,600-ഓളം കപ്പലുകൾ തടഞ്ഞുവെച്ചതായും 23,000-ത്തിലധികം നാവികരുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതായും ഇത് ആഗോള സാമ്പത്തിക രംഗത്തെയും ഭക്ഷ്യസുരക്ഷയെയും സാരമായി ബാധിച്ചതായും അദ്ദേഹം പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ തെറ്റായ കൈകളിൽ എത്തുന്നതിന്റെ അപകടസാധ്യത ചൂണ്ടിക്കാട്ടിയ അദ്ദേഹം, എഐ വികസനവും ഉപയോഗവും നിയന്ത്രിക്കാൻ അന്താരാഷ്ട്ര ഉടമ്പടി വേണമെന്ന ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ആഹ്വാനം ആവർത്തിച്ചു.
അതേസമയം ലോകത്തെ ഇന്റർനെറ്റ്-ഡാറ്റാ ഗതാഗതത്തിന്റെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്ന കടലടിത്തട്ടിലെ ഫൈബർ ഒപ്റ്റിക് കേബിളുകൾ, ഊർജ്ജ കേബിളുകൾ, എണ്ണ-വാതക പൈപ്പ് ലൈനുകൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കാൻ ബഹ്റൈനും മറ്റ് ജിസിസി രാജ്യങ്ങൾക്കും നിർണായക പങ്ക് വഹിക്കാനാകുമെന്ന് സിംഗപ്പൂർ. ഐഐഎസ്എസ് മനാമ ഡയലോഗിന്റെ അഞ്ചാമത് പ്ലീനറി സെഷനിൽ സംസാരിക്കവെ സിംഗപ്പൂർ പ്രതിരോധ സഹമന്ത്രി സാഖി മുഹമ്മദാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിർണായക അടിത്തറയായ അണ്ടർവാട്ടർ ഇൻഫ്രാസ്ട്രക്ചറുകൾ സംരക്ഷിക്കുന്നതിനായി ഈ വർഷം മേയിൽ തുടക്കമിട്ട 'ഗൈഡ്' (GUIDE) പദ്ധതിയിലേക്ക് കൂടുതൽ ഗൾഫ് രാജ്യങ്ങൾ പങ്കാളികളാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
നിലവിൽ ജിസിസിയിൽ നിന്ന് ഖത്തർ മാത്രമാണ് ഈ പദ്ധതിയിൽ ഒപ്പുവെച്ചിട്ടുള്ളതെന്നും, പദ്ധതി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ബഹ്റൈൻ അടക്കമുള്ള രാജ്യങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്ക് പുറമെ സൈബർ ഭീഷണികളും കടലിനടിയിലെ ഇൻഫ്രാസ്ട്രക്ചറുകളെ ബാധിക്കുന്നത് സമുദ്രസുരക്ഷയെ കൂടുതൽ സങ്കീർണ്ണമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൾഫ് മേഖലയിലെ സമുദ്രപാതകളുടെയും ഊർജ്ജ വിതരണ ശൃംഖലകളുടെയും സുരക്ഷ ഉറപ്പാക്കാൻ സൗദിയുടെ നേതൃത്വത്തിൽ ജൂലൈയിൽ രൂപീകരിച്ച മൾട്ടിനാഷണൽ മാരിടൈം ഡിഫൻസ് കൊയലിഷനിൽ (MMDC) നിലവിൽ ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നീ രാജ്യങ്ങൾ അംഗങ്ങളാണ്.
സമുദ്ര മേഖലയിലെ ഭൗമരാഷ്ട്രീയ തർക്കങ്ങളും കപ്പലുകൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളും ആഗോള വിപണിയെയും ഭക്ഷ്യസുരക്ഷയെയും സാരമായി ബാധിക്കുന്നുണ്ടെന്ന് സെഷനിൽ സംസാരിച്ച ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഇറാനിയൻ സേനയും മറ്റും നടത്തുന്ന ഇത്തരം ആക്രമണങ്ങളിൽ ഇന്ത്യൻ നാവികർക്കും ജീവൻ നഷ്ടമായിട്ടുണ്ടെന്നും, ആക്രമണങ്ങൾ ആരുടെ ഭാഗത്ത് നിന്നായാലും ഇന്ത്യ അത് ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സമുദ്രസുരക്ഷ ഉറപ്പാക്കാൻ ശേഷി വർദ്ധനവ്, വിവരശേഖരണം, പങ്കാളിത്തം എന്നിവ ഉൾപ്പെടുന്ന അഞ്ച് തത്വങ്ങളിലൂന്നിയ സമീപനമാണ് ഇന്ത്യ സ്വീകരിക്കുന്നതെന്നും വിക്രം മിസ്രി കൂട്ടിച്ചേർത്തു.
ബഹ്റൈനിലെ റിറ്റ്സ് കാൾട്ടൺ ഹൊട്ടലിൽ വെച്ച് നടന്ന ഉച്ചകോടിയുടെ തൽസമയ സംപ്രേഷണവും ചർച്ചകളും ലോകമെമ്പാടുമുള്ള നാല് മില്യണിലധികം (നാൽപ്പത് ലക്ഷം) ആളുകളാണ് വീക്ഷിച്ചത്. ബഹ്റൈനിൽ നടന്ന ചർച്ചകളുടെ ഭൗമരാഷ്ട്രീയ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്. മനാമ ഡയലോഗിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കവേ, ഐഐഎസ്എസ് ഡയറക്ടർ ജനറലും ചീഫ് എക്സിക്യൂട്ടീവുമായ ഡോ. ബാസ്റ്റ്യൻ ഗീഗറിച്ച് ആണ് കണക്കുകൾ പുറത്തുവിട്ടത്. മൂന്ന് ദിവസം നീണ്ടുനിന്ന ഉച്ചകോടിയിൽ 66 രാജ്യങ്ങളിൽ നിന്നായി എഴുന്നൂറോളം പ്രതിനിധികൾ പങ്കെടുത്തു.
#BahrainNews #ManamaDialogue #GCCSecurity #4PMNews
adsdsdsds
efqwdsds

