ഇന്ത്യൻ സ്‌കൂളിൽ ഫ്രഞ്ച് ദിനം ആഘോഷിച്ചു
പ്രദീപ് പുറവങ്കര
മനാമ: ഫ്രഞ്ച് ഭാഷയുടെ സൗന്ദര്യവും സാംസ്കാരിക പ്രാധാന്യവും ഉയർത്തിക്കാട്ടി ഇന്ത്യൻ സ്‌കൂളിൽ ഫ്രഞ്ച് ദിനാഘോഷം സംഘടിപ്പിച്ചു. ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വൈവിധ്യമാർന്ന കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി.
ദേശീയ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ സ്‌കൂൾ അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ ഭദ്രദീപം തെളിയിച്ചു. ആശയവിനിമയത്തിലും സാംസ്കാരിക വളർച്ചയിലും ഭാഷയ്ക്കുള്ള പ്രാധാന്യം പ്രിൻസിപ്പൽ ശാന്ത കുമാർ ദസരി തന്റെ സന്ദേശത്തിൽ എടുത്തുപറഞ്ഞു.
sff
വിവിധ ഗ്രേഡുകളിലെ വിദ്യാർത്ഥികളുടെ ആംഗ്യപ്പാട്ട്, ഗ്രൂപ്പ് ഗാനങ്ങൾ, പ്രസംഗം, റോൾ-പ്ലേ, ഡിക്റ്റേഷൻ മത്സരങ്ങൾ എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. പ്രസംഗ മത്സരത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി അരീന മൊഹന്തി ഒന്നാം സ്ഥാനവും, മെർലിൻ സാറ, മീനാക്ഷി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. റോൾ-പ്ലേ മത്സരത്തിൽ ശ്രീകീർത്തന, കാവ്യശ്രീ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിവിധ ഡിക്റ്റേഷൻ മത്സര വിഭാഗങ്ങളിൽ പ്രാചി സ്വയിൻ, ദാനിയ ബിലാൽ അഹമ്മദ്, റീത്തി ടോം എന്നിവർ അതത് ക്ലാസുകളിൽ ഒന്നാം സ്ഥാനം നേടി.
സീനിയർ വിഭാഗം വൈസ് പ്രിൻസിപ്പൽ റെജി വർഗീസ്, മിഡിൽ വിഭാഗം വൈസ് പ്രിൻസിപ്പൽ ബിജു വാസുദേവൻ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ആക്ടിവിറ്റി പ്രധാന അധ്യാപകരായ ശ്രീകല ആർ. നായർ, സലോണ പയസ്, പ്രധാന അധ്യാപിക സിനി ലാൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സേനാപതി ഹരിഷ്കൃഷ്ണ സ്വാഗതവും മധുമതി നന്ദിയും പറഞ്ഞു. ഫ്രഞ്ച് വകുപ്പ് അധ്യാപകരായ സേനാപതി ഹരികൃഷ്ണ, മധുമതി, ശ്യാം സുന്ദർ, ചിത്ര സതീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ മികച്ച പങ്കാളിത്തത്തെ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ എന്നിവർ അഭിനന്ദിച്ചു.

