തടവുകാരോട് മോശമായി പെരുമാറുന്നുവെന്ന ആരോപണം എൻ.ഐ.എച്ച്.ആർ നിഷേധിച്ചു
മനാമ : ബഹ്‌റൈനിലെ വനിതാ തടവുകാരോട് അധികൃതർ മോശമായി പെരുമാറുന്നു എന്ന വാർത്തകൾ കിംവദന്തികളാണെന്ന് എൻ.ഐ.എച്ച്.ആർ. തടവുകാരുടെ അവസ്ഥ സാധാരണ പോലെയാണെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് (എൻ.ഐ.എച്ച്.ആർ.) സ്ഥിരീകരിച്ചു.
ഭീകരതയുമായി ബന്ധപ്പെട്ട കുറ്റത്തിന് മൂന്ന് വർഷത്തെ തടവ് ശിക്ഷ ലഭിച്ച ഹജർ മൻസൂർ (49) എന്ന പാക് സ്വദേശിയോട് അധികൃതർ മോശമായി പെരുമാറിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈസാ ടൗൺ ജയിലിൽ ഉള്ള മൻസൂർ മോശമായ പെരുമാറ്റത്തിനെതിരെ അടുത്തിടെ നിരാഹാരം നടത്തിയിരുന്നതായും റിപ്പോർട്ട് പുറത്തുവന്നു. മൻസൂറിന്റെയോ പ്രതിനിധികളുടെയോ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച പരാതികൾ ലഭിച്ചിട്ടില്ലെന്ന് എൻഐഎച്ച്ആർ വ്യക്തമാക്കി. ഈ വാർത്തകൾ നിഷേധിച്ച ആഭ്യന്തര മന്ത്രാലയം, ഹജർ മൻസൂറിന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ട്വിറ്ററിൽ കുറിച്ചു.
ഭീകര കുറ്റകൃത്യത്തിന് തടവിലായ മൻസൂറിന്റെ മരുമകനും ക്രിമിനൽ കേസുകളിൽ പിടികിട്ടാപ്പുള്ളിയുമായ സെയ്ദ് അഹ്മദ് അൽവാദിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമം ആരോപണങ്ങൾ നടത്തിയതെന്നും എൻഐഎച്ച്ആർ വ്യക്തമാക്കി. ഇപ്പോൾ യുകെയിൽ അഭയം തേടിയിരിക്കുന്ന അൽവാദി, പാശ്ചാത്യ മാധ്യമങ്ങൾ വഴി അടിസ്ഥാനരഹിതമായ ആരോപണമുന്നയിക്കുന്നതായും എൻഐഎച്ച്ആർ വ്യക്തമാക്കി.

