ഗതാഗത തിരക്ക് കുറയ്ക്കാനുള്ള 15 പ്രോജക്ടുകൾക്ക് അനുമതി
മനാമ : രാജ്യത്തെ ഗതാഗതക്കുരുക്കുകൾ കുറയ്ക്കാൻ സഹായിക്കുന്ന 15 പ്രോജക്ടുകൾക്ക് ഗവൺമെന്റിന്റെ അനുമതി. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാന പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദ്ദേശപ്രകാരം ഹ്രസ്വകാല പദ്ധതികളുടെ ഭാഗമായാണ് ഈ പ്രോജക്ടുകൾ നടപ്പിലാക്കുന്നത്.
ഗവൺമെൻറ് എക്സിക്യൂട്ടീവ് കമ്മിറ്റി പദ്ധതികൾക്ക് അംഗീകാരം നൽകിയതായി തൊഴിൽ, മുനിസിപ്പാലിറ്റി അഫയേഴ്സ് ആന്റ് അർബൻ പ്ലാനിംഗ്, മിനിസ്റ്റർ എസ്സാം ബിൻ അബ്ദുള്ള ഖാലാഫാണ് അറിയിച്ചത്. രാജ്യത്തിലെ ഗതാഗത ശൃംഖലകളെ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഒരു സമഗ്ര പദ്ധതിയുടെ ഭാഗമായാണ് പ്രോജക്ടുകളെന്നും ബഹ്‌റൈൻറെ പ്രധാന ഹൈവേകളുടെ വികസനവും തുരങ്കങ്ങളുടെയും ഫ്‌ളൈ ഓവറുകളുടെയും നിർമാണവും ഇതിൽ ഉൾപ്പെടുന്നു.
എല്ലാ പദ്ധതികളും മൂന്നു മുതൽ അഞ്ച് വർഷം വരെയുള്ള കാലയളവിൽ പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു. ഒൻപത് പ്രോജക്ടുകളുടെ ആദ്യഘട്ടം പൂർത്തിയായതായും മന്ത്രി ചൂണ്ടിക്കാട്ടി. സെയ്ദ് ടൗണിലേക്കും ഹൌറത്ത് അലിയിലേക്കുമുള്ള പ്രവേശന കവാടങ്ങളും ബുദയ്യ റൗണ്ട് എബൗട്ടിൽ പുതിയ ലൈനുകളും നിർമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഷെയ്ഖ് സൽമാൻ ഹൈവേയുമായി ചേരുന്ന ഷെയ്ഖ് ഇസ ബിൻ സൽമാൻ ഹൈവേയിലും കൂടുതൽ ലൈനുകളും നിർമ്മിക്കുമെന്ന് മന്ത്രി പറഞ്ഞു.

