ഗൃ­ഹപ്രവേ­ശന ദി­നത്തിൽ രക്തദാ­നം നടത്തി­ മാ­തൃ­കയാ­യി­ ബഹ്‌റൈൻ പ്രവാ­സി­


മനാമ: സ്വന്തമായി വീട് ഉണ്ടാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ വീട് ഉണ്ടാക്കിയാൽ അതിന്റെ ഗൃഹപ്രവേശന ചടങ്ങ് കൂടി എല്ലാവർക്കും മാതൃകയാവണമെന്ന സ്വപ്നം നിറവേറ്റിയതിന്റെ ചാരിതാർത്ഥ്യത്തിലാണ് ബഹ്‌റൈൻ എ.ജെ.എം കൊഹ്ജി ഗ്രൂപ്പിൽ ജോലി ചെയ്യുന്ന കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കരിവെള്ളൂർ സ്വദേശി രാജേഷ് ആറ്റച്ചേരി. നാട്ടിൽ സ്വന്തമായി നിർമ്മിച്ച ഭവനത്തിന്റെ ഗൃഹപ്രവേശന കർമ്മത്തിൽ സ്വന്തം രക്തദാനം നടത്തിയതോടൊപ്പം തന്നെ ഗൃഹപ്രവേശനത്തിന് വന്നവരെയെല്ലാം രക്തദാനം നടത്തിച്ചാണ് രാജേഷ് വീട്ടിൽ താമസമാക്കിയത്. ഉദ്ഘാടനം ചെയ്യാൻ കവിയും പുരോഗമന പ്രസ്ഥാനങ്ങളുടെ അമരക്കാരനായ കരിവെള്ളൂർ മുരളിയും എത്തിയതോടെ ചടങ്ങ് പൊതുപരിപാടിയായി മാറുകയും ചെയ്തു.

ചരിത്രമുറങ്ങുന്ന കരിവെള്ളൂർ സമര സഖാക്കളുടെ നാടാണ് രാജേഷിന്റേത്. വളർന്നതും പഠിച്ചതുമെല്ലാം വിപ്ലവവീര്യം ഉറങ്ങുന്ന മണ്ണിൽ തന്നെ. ജീവിതം പ്രവാസത്തിന്റെ വഴിയിലേയ്ക്ക് തിരിഞ്ഞെങ്കിലും നാടിന് വേണ്ടി ജീവൻ ത്യജിച്ച കരിവെള്ളൂർ രക്തസാക്ഷികളെയും അവർ ഉണർത്തിവിട്ട സമരവീര്യവും തന്റെയുള്ളിൽ ഇപ്പോഴും ഉണ്ടെന്ന് രാജേഷ് പറഞ്ഞു. അങ്ങനെയാണ് നാടിന് വേണ്ടി ജീവത്യാഗം ചെയ്തവർക്ക് വേണ്ടിയും വരും തലമുറയ്ക്ക് വേണ്ടിയും തന്റെ ഗൃഹപ്രവേശനച്ചടങ്ങ് ഒരു മാതൃകയാക്കണമെന്ന ചിന്ത ഉണ്ടായത്. പൂജയ്ക്കും പ്രാർത്ഥനയ്ക്കും ഒന്നും താൻ എതിരല്ലെന്നും എന്നാൽ അതെല്ലാം ക്ഷേത്രങ്ങളിൽ മാത്രം ഒതുക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അതുകൊണ്ടാണ് തന്റെ ഗൃഹപ്രവേശനത്തിന് വേറിട്ട രീതി സ്വീകരിച്ചതെന്നും രാജേഷ് പറഞ്ഞു. ബഹ്‌റൈനിൽ നിരവധി സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായത് കൊണ്ട് തന്നെ രക്തദാനം നടത്തുക എന്നതിന് മുൻ‌തൂക്കം കൊടുത്തു. നാട്ടിലെ സുഹൃത്തുക്കളുമായി ഈ ആശയം പങ്കുവെച്ചതോടെ ഡി.വൈ.എഫ്.ഐയുടെ ‘അതിജീവനം’ രക്തദാന സേനയും സഹകരിക്കാമെന്ന് ഉറപ്പു നൽകി. തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് രക്തബാങ്ക് അധികൃതർ എല്ലാ സജ്ജീകരണവുമായി എത്താമെന്ന് സമ്മതിക്കുകയും ചെയ്തു. ഇന്നലെ നടന്ന ചടങ്ങിൽ ആദ്യമായി രാജേഷ് തന്നെയാണ് രക്തം നൽകിയത്. തുടർന്ന് നാട്ടിലെ നിരവധി യുവതീയുവാക്കൾ രക്തദാനത്തിൽ പങ്കാളികളായതായി രാജേഷ് പറഞ്ഞു. 16 വർഷമായി ബഹ്റൈനിൽ ജോലി ചെയ്യുന്ന രാജേഷ് സഹൃദയ പയ്യന്നൂർ സജീവ പ്രവർത്തകനാണ്. 

ഒരു വീടിന്റെ ഗൃഹപ്രവേശനച്ചടങ്ങ്‌ മതപരവും ആചാരപരവുമായ നിരവധി മാർഗ്ഗങ്ങളിലൂടെ നിർവ്വഹിക്കാവുന്നതാണ്. എന്നാൽ കേരളത്തിൽ ആദ്യമായിട്ടായിരിക്കും സ്വന്തം വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് രക്തദാനത്തിലൂടെ നിർവ്വഹിക്കപ്പെടുന്നതെന്ന് രക്തദാനചടങ്ങ് ഉദ്ഘാടനം ചെയ്ത കവിയും പുരോഗമന ചിന്തകനുമായ കരിവെള്ളൂർ മുരളി പറഞ്ഞു. മറ്റൊരുവീട്ടിലും ഇല്ലാത്ത പ്രത്യേകത രാജേഷിന്റെ വീടിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കരിവെള്ളൂർ സമരം നടന്ന ഭൂമിയുടെ തൊട്ടടുത്താണ് രാജേഷിന്റെ വീട്. സമര സ്മാരകത്തിന്റെ ദൃശ്യമാണ് രാജേഷ് വീടിന് മുകളിൽ െവച്ചിട്ടുള്ളത്. കരിവെള്ളൂർ എന്ന പ്രദേശം ലോക ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുള്ളത് സമരങ്ങളുടെ പേരിലാണ്. നാടിന് വേണ്ടി ചോര നൽകിയ മനുഷ്യരെയാണ് വീടുണ്ടാക്കുന്പോൾ രാജേഷ് ഓർമ്മിച്ചത് എന്നത് അദ്ദേഹത്തിന്റെ നാടിനോടും സമൂഹത്തോടുമുള്ള പ്രതിബദ്ധത എന്തെന്ന് വിളിച്ചറിയിക്കുന്ന ഒന്നാണ്. 

എത്രയോ ജീവൻ രക്ഷിക്കാനുതകുന്ന പ്രവർത്തിയാണ് തന്റെ പ്രവർത്തിയിലൂടെ രാജേഷ് ചെയ്തിരിക്കുന്നത്. മറ്റുള്ളവർക്ക് മാത്രമല്ല വരും തലമുറയ്ക്ക് കൂടി ഉദാത്തമായ ഒരു മാതൃകയാണ്. രക്തം കൊടുക്കുക എന്നത് സ്വയം ത്യജിക്കുക എന്നതിന് ഉദാഹരണമാണ്. നല്ല മനസ്സുള്ളവർക്ക് മാത്രമേ ഇത്തരം ആശയങ്ങൾ നടപ്പിലാക്കാൻ കഴിയുകയുള്ളൂ. ഒരു വീട്ടിൽ നടക്കേണ്ടുന്ന ഏറ്റവും വലിയ മംഗളപ്രവർത്തി രക്തം നൽകുക എന്നതാണെന്ന് മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുകയും അതിന്റെ ഒരിടമാക്കി തന്റെ വീട് മാറ്റുക എന്നുള്ള ജീവിതബോധം, തന്റെ ഗൃഹപ്രവേശന കർമ്മത്തിലൂടെ രാജേഷ് കാട്ടിക്കൊടുത്തു എന്നും അദ്ദേഹം പറഞ്ഞു. രാജേഷിന്റെ ഭാര്യ ദീപ്തി, മകൻ കൃഷ്ണ ദത്ത് എന്നിവരും രാജേഷിന് പിന്തുണ നൽകുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed