ബാർകോഴയിൽ തെളിവില്ല : കെ.എം മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലൻസ് റിപ്പോർട്ട്
തിരുവനന്തപുരം : ബാർകോഴക്കേസിൽ മുൻമന്ത്രി കെ.എം മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലൻസ് റിപ്പോർട്ട് നൽകി. മൂന്നാം തവണയാണ് മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് റിപ്പോർട്ട് നൽകുന്നത്. മാണി കോഴവാങ്ങിയതിന് തെളിവ് കണ്ടെത്താൻ സാധിച്ചില്ലെന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ബാർ ഉടമയായ ബിജു രമേശിന്‍റെ ആരോപണത്തിന്‍റെ അടിസ്ഥാനത്തിൽ എടുത്ത കേസിലെ നടപടികൾ അവസാനിപ്പിക്കുന്നതായാണ് വിജിലൻസ് റിപ്പോർട്ട്. ബാറുകൾ തുറന്ന് നൽകാൻ വീട്ടിലും മറ്റിടങ്ങളിലുമായി പണം നൽകിയെന്നായിരുന്നു ആരോപണം. എന്നാൽ ഇതിന് യാതൊരു തെളിവും കണ്ടെത്താൻ വിജിലൻസിന് സാധിച്ചിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കേസിൽ മാണിയെ കുറ്റവിമുക്തനാക്കി കോടതിയിൽ റിപ്പോർട്ട് നൽകിയതിൽ ഒത്തുകളിയുണ്ടെന്ന് ബാർ കോഴ കേസ് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. കെ.പി സതീശൻ പറഞ്ഞു. കേസിൽ റിപ്പോർട്ട് സമർപ്പിച്ച കാര്യം താൻ അറിഞ്ഞിട്ടില്ല. മാണിക്കെതിരായ അന്വേഷണം തുടരാനായിരുന്നു താൻ നിയമോപദേശം നൽകിയത്. കഴിഞ്ഞയാഴ്ചയും അന്വേഷണ ഉദ്യേഗസ്ഥർ തന്നെ വന്ന് കണ്ടിരുന്നതാണ്. അപ്പോഴൊന്നും കേസ് അവസാനിപ്പിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നില്ലെന്നും സതീശൻ വിശദീകരിച്ചു.

