ഇന്ത്യൻ ക്ലബ്ബ് മെയ് ക്വീൻ 2018 സൗന്ദര്യമത്സരം മെയ് 3ന്
മനാമ: ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള സൗന്ദര്യ മത്സരം ‘മെയ് ക്വീൻ’ മെയ് 3ന് ഇന്ത്യൻ ക്ലബ്ബ് ഗ്രൗണ്ടിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മെയ് ക്വീൻ 2017ൽ ഉള്ളതിനെക്കാളും ഫസ്റ്റ് റണ്ണറപ്പ്, സെക്കന്റ് റണ്ണറപ്പ്, മികച്ച വസ്ത്രവിധാരണം, മികച്ച ഹെയർ ൈസ്റ്റൽ, മികച്ച പുഞ്ചിരി എന്നിവയ്ക്കും വെവ്വേറെ സമ്മാനവും ക്യാഷ് അവാർഡുകളും നൽകും.
നാല് റൗണ്ടുകളിൽ നടക്കുന്ന മത്സരത്തിൽ ആദ്യ റൗണ്ടിൽ അതാത് രാജ്യത്തിന്റെ തനതായ വേഷ വിധാനങ്ങളും ചമയങ്ങളുമാണ് ധരിക്കേണ്ടത്. രണ്ടാം റൗണ്ടിൽ ക്യാഷ്വൽ വെയറും, മൂന്നാം റൗണ്ടിൽ പാർട്ടി വെയറും ധരിക്കണം. നാലാം റൗണ്ട് ചോദ്യോത്തര സെഷനാണ്. വിധികർത്താക്കളുടെ ചോദ്യങ്ങൾക്ക് മത്സരാർത്ഥികൾ ഉത്തരം നൽകണം. ആദ്യത്തെ മൂന്ന് റൗണ്ടുകളുടെ പ്രകടനവും നാലാം റൗണ്ടിലെ ചോദ്യോത്തര സെഷനുകളും ചേർത്തുള്ള പ്രകടനത്തിൽ നിന്നാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്. മത്സരത്തിനായുള്ള അപേക്ഷകൾ ഇന്ത്യൻ ക്ലബ്ബ് ഓഫീസിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 39258158, 36433552 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
മെയ് ക്വീൻ ആയി തിരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥികൾക്ക് നിരവധി സമ്മാനങ്ങൾ നൽകും. ഡി.ജെ മ്യൂസിക്കും പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന നൃത്തവും ചടങ്ങിന് കൊഴുപ്പേകും. ഇന്ത്യൻ ക്ലബ്ബ് പ്രസിഡണ്ട് കാഷ്യസ് പെരേര, ജനറൽ സെക്രട്ടറി റിക്സൺ റെബല്ലോ, അസി. ട്രഷറർ രാജൻ, വൈസ് പ്രസിഡണ്ട് തങ്കച്ചൻ, എന്റർടെയിൻമെന്റ് സെക്രട്ടറി നന്ദകുമാർ, പരിപാടിയുടെ മുഖ്യ കോ-ഓർഡിനേറ്റർ അശോക് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

