കാ­ലാ­വസ്ഥാ­ വ്യതി­യാ­നം; ചി­ക്കൻ­പോ­ക്സ് പടരു­ന്നു­


മനാമ: കാലാവസ്ഥാ വ്യതിയാനം വന്നതോടെ രാജ്യത്ത് ചിക്കൻ പോക്സ് പിടിപെടുന്നു. പ്രത്യേകിച്ച് സ്‌കൂൾ വിദ്യാർത്ഥികളിലാണ് ചിക്കൻ പോക്സ് കൂടുതലും പടരുന്നത്. പരീക്ഷാക്കാലത്ത് വന്നെത്തിയിരിക്കുന്ന ചിക്കൻപോക്സ് പല രക്ഷിതാക്കളും ആശങ്ക പടർത്തുന്നു. വിദ്യാലയങ്ങളിൽ നിന്നാണ് കൂടുതലും ഈ രോഗം മറ്റ് വിദ്യാർത്ഥികളിലേയ്ക്ക് പടരുന്നത്. അതുകൊണ്ട് തന്നെ അസുഖം ബാധിച്ചു എന്ന് മനസ്സിലാക്കിയാൽ സ്‌കൂളിൽ പോകാതിരിക്കുന്നതാണ് രോഗം കൂടുതൽ പടരാതിരിക്കാനുള്ള ഒരു പോംവഴി.

വായുവിലൂടെ പകരുന്ന വൈറസ് രോഗമാണ് ചിക്കൻപോക്സ്. വെരിസെല്ലാസോസ്റ്റർ എന്ന വൈറസാണ് രോഗകാരണമെന്ന് ഡോക്ടർമാർ പറയുന്നു. തൊലിപ്പുറത്ത് ഉണ്ടാകുന്ന ചിക്കൻപോക്സിന്റെ അണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ 10 മുതൽ 21 ദിവസം വരെ വേണ്ടിവരും വളർന്ന് പെരുകി രോഗ ലക്ഷണം പ്രകടമാക്കാൻ. അതുകൊണ്ട്തന്നെ ഒരു വീട്ടിലെ ഏതെങ്കിലും ഒരാൾക്ക് അസുഖം ബാധിച്ചതായി മനസ്സിലാകുന്പോഴേയ്ക്കും അടുത്ത ആളിലേയ്ക്കും ഈ വൈറസ് പടർന്നിരിക്കും. തലവേദന, പനി, തുമ്മൽ എന്നിവയാണ് ഈ അസുഖത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ രണ്ട് മൂന്ന് ദിവസം നീണ്ടുനിൽക്കും. അതിന് ശേഷമായിരിക്കും കുരുക്കൾ പ്രത്യക്ഷപ്പെടുക. കുരുക്കൾ വരും മുൻപ് പനിയും തുമ്മലും തലവേദനയും തുടങ്ങുന്നതോടെയാണ് രോഗാണുക്കൾ മറ്റുള്ളവരിലേയ്ക്ക് പടരുക.

പകരുന്ന രോഗമായതുകൊണ്ട് രോഗിയെ പ്രത്യേകം മാറ്റി പാർ‍പ്പിക്കേണ്ടതും അത്യാവശ്യമാണ്. ചിക്കൻ പോക്‌സുണ്ടെന്ന് സംശയമുണ്ടെങ്കിൽ പനിയാണെങ്കിൽ പോലും സ്വയം ചികിത്സ നടത്താതിരിക്കുക. പതിനഞ്ച് വയസിൽ താഴെയുള്ള കുട്ടികളിൽ ചിക്കൻ‍പോക്സ് രോഗം വളരെ പെട്ടന്ന് പിടിപെടുന്നു. എന്നാൽ മിക്കപ്പോഴും കുട്ടികളിൽ കഠിനമായ രീതിയിൽ ചിക്കൻ‍പോക്സ് കാണാറില്ല. പ്രായമായവരും ഗർ‍ഭിണികളുമാണ് ചിക്കൻ പോക്സ് വരാതെ കൂടുതൽ ശ്രദ്ധിക്കേണ്ടത്. ഒരിക്കൽ രോഗം വന്നവരിൽ ചിക്കൻ‍പോക്സ് പിന്നീട് ഉണ്ടാകില്ല എന്നാണ് പൊതുവെ പറയപ്പെടുന്നുണ്ടെങ്കിലും രോഗം വീണ്ടും വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. ചിക്കൻ പോക്സ് വരുന്നവർ നിത്യവും കുളിക്കണം. കുളിക്കുന്പോൾ ശരീരത്തിലുണ്ടായ കുമിളകൾ പൊട്ടാതെ നോക്കൻ പ്രത്യേകം ശ്രദ്ധിക്കണം. സോപ്പോ, രാസവസ്ത്തുക്കൾ അടങ്ങിയ വസ്തുക്കളോ ഉപയോഗിക്കാതെ വേണം കുളിക്കാൻ‍. കൂടുതൽ അണുബാധയേൽ‍ക്കാതിരിക്കാൻ വിരലുകളും നഖങ്ങളും വൃത്തിയായി സൂക്ഷിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. കുമിളകൾ‍ വ്രണങ്ങളാവാതെ സൂക്ഷിച്ചാൽ‍ രോഗം മാറിയാൽ‍ ശരീരത്തിലെ പാടുകൾ‍ അവശേഷിക്കില്ല. പ്രസവത്തിന് അഞ്ച് ദിവസം മുന്നെയും പ്രസവശേഷം രണ്ട് ദിവസം കഴിഞ്ഞും ചിക്കൻ‍പോക്സ് പിടിപെട്ടാൽ‍ അത് കുഞ്ഞിനും അസുഖം വരാൻ കാരണമാകും. കോട്ടൺ വസ്ത്രങ്ങൾ‍ ധരിക്കുക, എണ്ണ, എരിവ്, പുളി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ‍ ഒഴിവാക്കുക. തൊലി വരണ്ടതാക്കാതെ സൂക്ഷിയ്ക്കുക തുടങ്ങിയവയാണ് രോഗം മൂർച്ഛിക്കാതിരിക്കാനുള്ള മുൻ കരുതലുകൾ. ബഹ്‌റൈനിലെ നിരവധി ആശുപത്രികളിൽ ചിക്കൻപോക്സ് പിടിപെട്ടവർ ചികിത്സയ്ക്കായി എത്തുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed