മേഘാലയയിൽ സർക്കാർ രൂപീകരിക്കാൻ നീക്കങ്ങളുമായി കോൺഗ്രസും ബി.ജെ.പിയും
ഷില്ലോംഗ് : ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്ന മേഘാലയയിൽ സർക്കാാർ രൂപീകരിക്കാൻ നീക്കങ്ങളുമായി കോൺഗ്രസും ബി.ജെ.പിയും. സർക്കാരുണ്ടാക്കാൻ അവകാശവാദവുമായി കോൺഗ്രസ് നേതാവ് മുകൾ സാങ്മ ഗവർണർ ഗംഗ പ്രസാദിനെ സന്ദർശിച്ചു.
തിരഞ്ഞെടുപ്പിൽ വിജയിച്ച ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയ്ക്കാണ് അവകാശവാദവുമായി കോൺഗ്രസ് ഗവർണറെ കണ്ടത്. മറ്റു കക്ഷികളുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും, കോൺഗ്രസിന് സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നും അദേഹം വ്യക്തമാക്കി. എന്നാൽ ഏതൊക്കെ പാർട്ടികളുടെ പിന്തുണയാണ് കോൺഗ്രസിന് ഉള്ളതെന്ന് അദേഹം വെളിപ്പെടുത്തിയിട്ടില്ല. സർക്കാരുണ്ടാക്കാൻ 31 സീറ്റ് വേണ്ട മേഘാലയിൽ 21 സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്ഷിയാണ്.
അതേസമയം, സർക്കാർ രൂപീകരിക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി നേരിട്ടേക്കുമെന്നാണ് സൂചനകൾ. രണ്ട് സീറ്റ് മാത്രം നേടിയ ബി.ജെ.പി ഇവിടെ എൻ.പി.പിയുടെ നേതൃത്വത്തിൽ വിശാല മുന്നണി രൂപവത്കരിച്ച് സർ ക്കാരുണ്ടാക്കാനുള്ള ശ്രമം ഫലം കണ്ടുതുടങ്ങിയാതായി റിപ്പോർട്ടുകൾ. 17 സീറ്റുള്ള നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി)യാകും മുന്നണിക്ക് നേതൃത്വം നൽകുക. രണ്ട് സീറ്റുള്ള ബി.ജെ.പിയെ കൂടാതെ ആറ് സീറ്റുകളുള്ള യു.ഡി.പിയും ഇവർക്ക് പിന്തുണ നൽകാൻ തീരുമാനിച്ചു. ഒരു സ്വതന്ത്ര എം.എൽ.എയും പിന്തുണ വാഗ്ദ്ധാനം ചെയ്തിട്ടുണ്ട്. മറ്റു രണ്ട് പ്രാദേശിക പാർട്ടികളുടെ പിന്തുണ കൂടി ഇവർക്ക് ലഭിച്ചേക്കും.
നാഗാലാൻഡിൽ ബി.ജെ.പി മുന്നണി ഭരണം ഉറപ്പിച്ചു. നാഗാലാൻഡിൽ ബി.ജെ.പി-−എൻ.ഡി.പി.പി സഖ്യത്തിന് 27 സീറ്റുകളാണ് ലഭിച്ചത്. എന്നാൽ കേവല ഭൂരിപക്ഷത്തിന് 31 എം.എൽ.എമാരുടെ പിന്തുണ ആവശ്യമാണ്. ജനതാദൾ യു വിലെ ഒരു അംഗത്തിന്റെയും നാഷണൽ പീപ്പിൾ പാർട്ടിയിലെ രണ്ട് അംഗങ്ങളുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയോടെ ഭരണം ഉറപ്പാക്കാം എന്ന പ്രതീക്ഷയിലാണ് എൻ.ഡി.പി.പി.
അതേസമയം ത്രിപുരയിൽ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ആലോചന ബി.ജെ.പിയിൽ തുടങ്ങി. സംസ്ഥാന പ്രസിഡണ്ട് ബിപ്ലബ് കുമാറിനാണ് കൂടുതൽ സാധ്യത കൽപ്‍പിക്കപ്പെടുന്നത്.

