സ്റ്റാർട്ടപ്പ് ബഹ്റൈൻ വീക്ക് ആരംഭിച്ചു
മനാമ : ബഹ്റൈനിൽ നടക്കുന്ന ആദ്യ ഗെയിമിങ് കോൺഫറൻസായ ജി.സി.സി ഗെയിം കോൺഫറൻസിൽ (ജി.സി.സി.ജി.സി) സ്റ്റാർട്ടപ്പ് ബഹ്റൈൻ വീക്ക് ആരംഭിച്ചു. ബഹ്റൈൻ പോളിടെക്നിക് പരിസരത്ത് നടന്ന പരിപാടിയിൽ മേഖലയിലെ ഗെയിം ഡെവലപ്പർമാർ പങ്കെടുത്തു. ബഹ്റൈൻ പോളിടെക്നിക്കുമായി സഹകരിച്ച് ഇൻഫിനിറ്റ് വേർ സംഘടിപ്പിച്ച കോൺഫറൻസിൽ പ്രോഗ്രാമിങ്, ഡിസൈൻ, എത്തിക്സ്, ഗെയിം ഡവലപ്മെന്റ് ബിസിനസ് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധർ ചർച്ചകൾ നടത്തും. മാർച്ച് ഒന്നിന് ആരംഭിച്ച 48 മണിക്കൂർ ഗെയിം ഡവലപ്മെന്റ് ഹാക്കത്തോൺ ജി.സി.സി ഗെയിം ജാം ഇന്നലെ അവസാനിച്ചു. ഇതുപോലുള്ള ഒരു കോൺഫറൻസ് ആദ്യമായാണെന്നും അതിനാൽ ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു പുതിയ പരിശ്രമമാണെന്നും ഇൻഫിനിറ്റ് വെയറിന്റെ മാനേജിംഗ് ഡയറക്ടർ അമീൻ അൽത്ജാർ പറഞ്ഞു. ഗെയിം ഡെവലപ്മെന്റ്, സാങ്കേതിക വിഭാഗം എന്നിങ്ങനെ കോൺഫറൻസിന് രണ്ട് സെക്ഷനുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജി.സി.സിയിലെ മികച്ച ഗെയിമുകളാണ് പ്രദർശിപ്പിക്കുന്നത്. അവ ഉന്നത നിലവാരമുള്ളവയാണെന്നും അൽത്ജാർ പറഞ്ഞു. ബഹ്റൈൻ സാന്പത്തിക വികസന ബോർഡ് (ഇ.ഡി.ബി), ടാംകെൻ (ലേബർ ഫണ്ട്) എന്നിവയുടെ ആഭിമുഖ്യത്തിൽ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ബഹ്റൈൻ എക്കണോമിക് ഡെവലപ്മെന്റ് ബോർഡ് ചെയർമാനുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ മേൽനോട്ടത്തിലാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. കോൺഫറൻസ് വ്യാഴാഴ്ച അവസാനിക്കും.

