സന്പദ് വ്യവസ്ഥയ്‌ക്ക് ഹാനികരമായി പ്രവർത്തിച്ചാൽ നോക്കിനിൽക്കില്ല : ട്രംപിന് ചൈനയുടെ മുന്നറിയിപ്പ്
ബെയ്ജിംഗ് : തങ്ങളുടെ സന്പദ്്വ്യവസ്ഥയ്ക്ക് ഹാനികരമായി അമേരിക്ക പ്രവർത്തിച്ചാൽ നോക്കിനിൽക്കില്ലെന്ന് ചൈനയുടെ മുന്നറിയിപ്പ്. സ്റ്റീലിനും അലുമിനിയത്തിനും നികുതി ഏർപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ നീക്കത്തോട് പ്രതികരിക്കുകയായിരുന്നു ചൈന. അലുമിനിയം, സ്റ്റീൽ ഇറക്കുമതികൾക്ക് 25 ശതമാനം നികുതി ചുമത്താൻ അമേരിക്കൻ പ്രസിഡണ്ട് ഡോളൾഡ് ട്രംപ് തീരുമാനമെടുത്തിരുന്നു.
ചൈന യു.എസുമായി വ്യാപാരയുദ്ധത്തിന് ആഗ്രഹിക്കുന്നില്ല. എന്നാൽ ചൈനയുടെ താൽപ്പര്യങ്ങൾ ഹനിക്കുന്ന തീരുമാനങ്ങൾ യു.എസ് കൈക്കൊണ്ടാൽ ചൈന അലസമായിരിക്കില്ല. ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന്− പാർലമെന്‍റിന്‍റെ വാർഷിക സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട നാഷണൽ പീപ്പിൾസ് കോൺണ്‍ഗ്രസ് വക്താവ് ഴാങ് യെസൂയി പറഞ്ഞു.
പ്രശ്ന പരിഹാരത്തിനായി ചൈനീസ് പ്രസിഡണ്ട് ഷീ ജിൻപിംഗിന്റെ സാന്പത്തിക ദൂതൻ ലിയൂ ഹീ വൈറ്റ്ഹൗസ് വൃത്തങ്ങളുമായി അടുത്ത ആഴ്ച കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുകയാണ്. ലോകത്തെ ഒന്നാമത്തെ സാന്പത്തിക ശക്തിയാകാനുള്ള ചൈനയുടെ ശ്രമങ്ങൾക്ക് തടയിടുന്നതാണ് ട്രംപിന്റെ തീരുമാനം. വാണിജ്യ യുദ്ധമാണ് നല്ലതെന്നും, ജയിക്കാൻ എളുപ്പം അത് തന്നെയാണെന്നും അടുത്തിടെ ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.

