യാത്രാപാക്കേജുകൾ ഒരുക്കി ലുലു ട്രാവൽ മാർട്ട് ശ്രദ്ധേയമായി
മനാമ: ലുലു ഹൈപ്പർമാർക്കറ്റ് കാനൂ ട്രാവൽസുമായി ചേർന്നൊരുക്കിയ ട്രാവൽമാർട്ട് ശ്രദ്ധേയമായി. റംലി മാളിൽ വെച്ച് ഇന്നലെയും ഇന്നുമായി നടക്കുന്ന പ്രദർശനത്തിൽ 11 അന്താരാഷ്ട്ര വിമാനകന്പനികൾ, മൂന്ന് ഹോട്ടലുകൾ, ആഢംബര കപ്പലുകൾ, ട്രാവൽ ഇൻഷൂറൻസ് സേവനദാതാക്കൾ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്. തങ്ങളുടെ ഉപഭോക്താക്കൾക്ക് കുറഞ്ഞ ചിലവിൽ പുതിയ സ്ഥലങ്ങൾ കാണാനും, ആസ്വദിക്കാനുമുള്ള സൗകര്യമാണ് ഒരുക്കുന്നത്.
ഈ സുവർണ്ണാവസരം ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് ബഹ്റൈൻ--ഈജിപ്ത് ലുലു ഹൈപ്പർമാർക്കറ്റുകളുടെ ഡയറക്ടർ ജുസർ രൂപവാല അറിയിച്ചു. വേനലവധിയും ഈദും ആഘോഷിക്കാൻ ലഭിക്കുന്ന മികച്ച യാത്രാ അവസരങ്ങളാണിതെന്ന് കാനൂ ട്രാവൽ റീജ്യണൽ ട്രാവൽ മാനേജർ പ്രദീപ് കുമാർ പറഞ്ഞു. ഇതിനോടനുബന്ധിച്ച് നിരവധി സമ്മാന നറുക്കെടുപ്പുകളും ഒരുക്കിയിട്ടുണ്ട്.

