സി­.ബി­.എസ്.ഇ പരീ­ക്ഷ; സ്‌കൂ­ളു­കൾ ഒരു­ങ്ങി­


മനാമ: സി.ബി.എസ്.ഇ പത്താം തരം, പന്ത്രണ്ടാം തരം പൊതു പരീക്ഷകൾക്ക് ബഹ്റൈനിലെ സ്‌കൂളുകളിലും ഒരുക്കങ്ങളായി. മാർച്ച് 6ാം തീയതി മുതലാണ് പരീക്ഷകൾ ആരംഭിക്കുന്നത്. ബഹ്‌റൈനിലെ ഇന്ത്യൻ സ്‌കൂൾ, ന്യൂ ഇന്ത്യൻ സ്‌കൂൾ, ഏഷ്യൻ സ്‌കൂൾ, അൽ നൂർ സ്‌കൂൾ, ഇബുനൽ ഹൈതം സ്‌കൂൾ, ന്യൂ മില്ലേനിയം സ്‌കൂൾ എന്നിവിടങ്ങളിലെ കുട്ടികളാണ് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. ഇതോടൊപ്പം ഏഷ്യൻ സ്‌കൂൾ ഒഴികെയുള്ള മറ്റ് സ്‌കൂളുകളിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും നടക്കും. ഇന്ത്യയിലും പരീക്ഷ ഇതേ സമയത്ത് നടക്കുന്നതിനാൽ രാവിലെ 7 മണിക്ക് വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രങ്ങളിൽ എത്തണമെന്നാണ് സ്‌കൂൾ അധികൃതർ നിർദ്ദേശിച്ചിട്ടുള്ളത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി നില നിന്നിരുന്ന, അവസാന ഭാഗത്തെ സിലബസ് മാത്രം പഠിച്ച് പരീക്ഷ എഴുതുന്ന സന്പ്രദായം മാറ്റി വർഷങ്ങൾക്ക് ശേഷം വീണ്ടും മുഴുവൻ പാഠഭാഗങ്ങളും പഠിച്ച് പരീക്ഷ എഴുതേണ്ട സന്പ്രദായത്തിലുള്ള പരീക്ഷയാണ് ഇത്തവണ നടക്കാൻ പോകുന്നത്. അതുകൊണ്ടുതന്നെ കടുത്ത ആശങ്കയോടെയാണ് വിദ്യാർത്ഥികൾ ഇത്തവണ പരീക്ഷയെ സമീപിക്കുന്നത്. പ്രത്യേകിച്ച് ഇതുവരെ ശീലമില്ലാതിരുന്ന ഈഒരു രീതി മികച്ച വിദ്യാർത്ഥികൾക്ക് ഒരു പ്രശ്നമല്ലെങ്കിലും സാധാരണ നിലവാരത്തിലുള്ള വിദ്യാർത്ഥികൾക്ക് ഭാരമാകുമെന്നാണ് അഭിപ്രായം. ഓർമ്മ ശക്തി കൂടുതൽ ഉണ്ടാക്കുന്നതിനും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് വാർഷിക പരീക്ഷയ്ക്ക് മുഴുവൻ സിലബസും പഠിച്ച് പരീക്ഷ എഴുതുന്ന സന്പ്രദായം സി.ബി.എസ്.ഇ ഈ വർഷം മുതൽ നടപ്പാക്കിയത്. ഇപ്പോഴുള്ള പഠനമൊന്നും പോര, പഴയ രീതിയായിരുന്നു നല്ലത് എന്നൊക്കെ പരാതി പറയാറുള്ളവർ‍ക്ക് ഒരു പക്ഷേ സംതൃപ്തി നൽ‍കുന്നതാണ് കേന്ദ്ര വിദ്യാഭ്യാസ മാനവവിഭവശേഷി വകുപ്പ് പുറത്തിറക്കിയ പുതിയ സന്പ്രദായം. 

വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ പേരിൽ‍ പാശ്ചാത്യ രാജ്യങ്ങളിൽ‍ നടപ്പിലാക്കിയത് അതേപടി പകർ‍ത്തിയ പല മാതൃകകളും സി.ബി.എസ്.ഇ ഉപേക്ഷിക്കുകയും പകരം പഴയ രീതികളിൽ‍ ചിലത് പുനഃസ്ഥാപിക്കാനും ശക്തിപ്പെടുത്താനുമുള്ള നിർദ്‍ദേശങ്ങളാണ് ഇതോടെ നടപ്പിലാക്കുന്നത്. ഇതുവരെ രണ്ട് ഘട്ടങ്ങളിലായി 50 ശതമാനം സിലബസ് തീരുന്ന വിധത്തിലാണ് വിദ്യാർത്ഥികൾ‍ക്ക് ഓരോ സെമിസ്റ്ററുകൾ‍ക്കും പഠിക്കേണ്ടിയിരുന്നത്. പുതിയ തീരുമാനപ്രകാരം മുഴുവൻ‍ സിലബസും ഉൾ‍കൊള്ളുന്ന വാർ‍ഷിക പരീക്ഷയാണ് തിരിച്ചുവന്നിട്ടുള്ളത്. 80 മാർ‍ക്ക് പരീക്ഷയിലൂടെയും 20 മാർ‍ക്ക് ഇന്റേണലായും പരമാവധി 100 മാർ‍ക്കാണ് ഓരോ വിഷയത്തിനും കണക്കാക്കിയിരിക്കുന്നത്. വർ‍ഷത്തിൽ‍ രണ്ട് തവണ നടത്തുന്ന പരീക്ഷകളുടെ ശരാശരിയും അവസാന ഫലത്തിലേയ്ക്ക് ചേർ‍ക്കപ്പെടും.

2009ലാണ് ബോർഡ് പരീക്ഷ നിർ‍ബന്ധമില്ലെന്നും സിലബസ് മാറാൻ ഉദ്ദേശിക്കുന്നവർ‍ മാത്രം പരീക്ഷ എഴുതിയാൽ‍ മതിയെന്നും സി.ബി.എസ്.ഇ നിർദ്‍ദേശിച്ചത്. തുടർ‍ന്ന് 2011−12 അദ്ധ്യായന വർ‍ഷം മുതൽ‍ രണ്ട് ഓപ്ഷനുകൾ‍ക്കുള്ള സൗകര്യം നടപ്പിലാക്കി. വിദ്യാർത്ഥികളുടെ പരീക്ഷാ ഭാരം കുറയ്ക്കാനാണ് അന്ന് സി.ബി.എസ്.ഇ ഈ പരിഷ്‌കരണം നടപ്പിലാക്കിയത്. എന്നാൽ‍, വളരെ കുറച്ച് വിദ്യാർത്ഥികൾ‍ മാത്രമേ സി.ബി.എസ്.ഇയുടെ സ്‌കൂൾ‍ പരീക്ഷകൾ‍ എഴുതുന്നുള്ളൂവെന്ന് പിന്നീട് ബോധ്യമായി. 2014ൽ‍ 1.6 കോടി വരുന്ന പത്താം ക്ലാസ് വിദ്യാർത്ഥികളിൽ‍ വെറും ഏഴ് ലക്ഷം വിദ്യാർത്ഥികൾ‍ മാത്രമാണ് സ്‌കൂൾ‍ നടത്തിയ പരീക്ഷ എഴുതിയത്. അതോടെ ബോർഡ് പരീക്ഷാ സന്പ്രദായം തിരിച്ചെത്തി. 

മുൻപ് അഞ്ചാം ക്ലാസ് മുതൽ തുടർന്ന് വന്ന രീതി മൂന്ന് സെമസ്റ്ററുകളായി പഠിച്ച് പരീക്ഷ എഴുതുന്നതായിരുന്നു എന്നത് കൊണ്ട് നിലവിലെ പത്താം തരാം വിദ്യാർത്ഥികൾക്ക് അത് തന്നെയായിരുന്നു ശീലവും.  അതുകൊണ്ട് തന്നെ പുതിയ രീതി നടപ്പിലാക്കുന്പോൾ ഏറ്റവും കൂടുതൽ പ്രയാസം അനുഭവപ്പെടുന്ന ആദ്യത്തെ ബാച്ച് ആയിരിക്കും ഈ വർഷത്തേത്. ഈ വർഷം മുതൽ ഈ രീതി ആറാം ക്ലാസ് മുതൽക്ക് നടപ്പിലാക്കി തുടങ്ങിയതിനാൽ വരും വർഷങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇത് ശീലമായി തുടങ്ങും. ബഹ്റൈനിലെ ഏറ്റവും വലിയ സ്കൂളായ ഇന്ത്യൻ സ്‌കൂളിൽ നിന്ന് മാത്രം 800 വിദ്യാർത്ഥികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. പന്ത്രണ്ടാം ക്ലാസിൽ 700 വിദ്യാർത്ഥികളാണ് ഇവിടെ പരീഷയ്ക്ക് തയ്യാറെടുക്കുന്നത്. ഏഷ്യൻ സ്‌കൂളിൽ പത്താം ക്ലാസിൽ 195 വിദ്യാർത്ഥികളാണ് പത്താം ക്ലാസ് പരീക്ഷ എഴുതാൻ തയ്യാറെടുത്തിരിക്കുന്നത്. അൽ നൂർ സ്‌കൂളിൽ യഥാക്രമം 30ഉം 20ഉം വിദ്യാർത്ഥികളും ഇബനാൽ ഹൈതം സ്‌കൂളിൽ 144ഉം 94ഉം വിദ്യാർത്ഥികളാണ് പത്തിലും പന്ത്രണ്ടിലും പരീക്ഷയെ നേരിടുന്നത്.

പുതിയ പരീക്ഷാ രീതി വിദ്യാർ‍ത്ഥികൾ‍‍ക്കൊപ്പം അദ്ധ്യാപകർക്കും ഇത്തവണ നല്ല സമ്മർദ്ദമാണ് ഉണ്ടാക്കിയിട്ടുള്ളത്. അദ്ധ്യാപകർ അധിക സമയം ക്ലാസെടുത്തും റിവിഷൻ നടത്തിയുമാണ്് വിദ്യാർത്ഥികളെ ഇവർ‍ പരീക്ഷയ്ക്ക് ഒരുക്കിയത്. അതിനിടയിൽ ഇതേ സമയത്ത്  എല്ലാ വിദ്യാലയങ്ങളിലും നിലവാര പരിശോധനയ്ക്ക് മന്ത്രാലയ ഉദ്യോഗസ്ഥർ എത്തിയതും അദ്ധ്യാപകരെ സംബന്ധിച്ച് അധിക സമ്മർദ്ദത്തിനും ജോലി ഭാരത്തിനും ഇടയാക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം മുഴുവൻ പാഠഭാഗങ്ങളും ഉൾപ്പെടുത്തിയ പരീക്ഷാ സന്പ്രദായത്തിലുള്ള രീതി ആയതിനാൽ പരീക്ഷ കടുപ്പമാകാനുള്ള സാധ്യത കുറവാണെന്ന് ചില അദ്ധ്യാപകർ അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും ഫൈനൽ പരീക്ഷ എഴുതുന്ന കുട്ടികൾക്കൊപ്പം പരീക്ഷാ കടന്പ കടക്കാൻ ട്യൂഷൻ കേന്ദ്രങ്ങളിലും വീടുകളിലും എല്ലാ ജോലികളും മാറ്റിവച്ചും ഉറക്കമൊഴിച്ചും രക്ഷിതാക്കളും കാത്ത് നിൽക്കുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed