ചെങ്കോട്ടയിൽ കാവിക്കൊടി : നാഗാലാൻ‍ഡിൽ ബി.ജെ.പി സഖ്യം, മേഘാലയയിൽ ത്രിശങ്കു


ന്യൂഡൽഹി : ഇന്ത്യ ഉടനീളം ഉറ്റുനോക്കിയ ത്രിപുര, മേഘാലയ, നാഗാലാന്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ‍ ബി.ജെ.പിക്ക് വൻ മുന്നേറ്റം. ത്രിപുരയിലും നാഗാലാൻഡിലും ബി.ജെ.പി മേൽക്കൈ നേടിയപ്പോൾ മേഘാലയിൽ‍ കോൺ‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ത്രിപുരയിലും നാഗാലാൻഡിലും കേവല ഭൂരിപക്ഷത്തിന്‍റെ ലീഡും കടന്ന് ബി.ജെ.പി മുന്നേറുകയാണ്.

ത്രിപുരയിലെ സി.പി.എമ്മിന്‍റെ ശക്തമായ കോട്ടയിൽ വിള്ളൽ വീഴ്ത്തിയാണ് ബി.ജെ.പിയുടെ തേരോട്ടം. വോട്ടെണ്ണൽ അവസാന ഘട്ടത്തിലെത്തി നിൽ‍ക്കുന്പോൾ ത്രിപുരയിൽ 43 സീറ്റുകളിലാണ് ബി.ജെ.പി മുന്നിട്ടു നിൽക്കുന്നത്. തുടർച്ചയായി 25 വർഷം ത്രിപുര ഭരിച്ച ഇടതുപക്ഷത്തിന് 16 സീറ്റുകളിൽ മാത്രമാണ് മുന്നേറാനായത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ‍ കെട്ടിവെച്ച കാശുപോലും നഷ്ടമായിടത്ത് നിന്നും അക്കൗണ്ട് തുറന്നപ്പോൾ‍ തന്നെ അധികാരം പിടിച്ചെടുക്കുന്ന നിലയിലേക്ക് ബി.ജെ.പി ത്രിപുരയിൽ സ്വാധീനം കൂട്ടിയിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ‍ രണ്ട് ശതമാനം വോട്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ‍ അഞ്ച് ശതമാനം വോട്ടും മാത്രമുണ്ടായിരുന്നിടത്തു നിന്നും ഐ.പി.എഫ്.ടിയുമായി ചേർ‍ന്ന് തകർ‍പ്പൻ‍ മൂന്നേറ്റമാണ് ബി.ജെ.പി നടത്തിയത്. 2013ൽ‍ 49 സീറ്റുകളോടെ അധികാരത്തിലെത്തിയ ഇടതുപക്ഷമാണ് ഇത്തവണ ഇത്തരത്തിലുള്ളൊരു ദയനീയ പരാജയം ഏറ്റുവാങ്ങിയിരിക്കുന്നത്. വോട്ട് വിഹിതത്തിലും ഇടതുപക്ഷത്തിന് വൻ കുറവ് സംഭവിച്ചിരിക്കുകയാണ്. 2013ൽ‍ 51 ശതമാനം വോട്ടുകൾ‍ നേടിയ ഇടതുപക്ഷത്തിന് ഇത്തവണ 40 ശതമാനത്തോളം വോട്ടുകൾ‍ മാത്രമാണ് നേടാനായിരിക്കുന്നത്. കഴിഞ്ഞ തവണ 10 സീറ്റ് നേടിയ കോൺഗ്രസിന് ഇത്തവണ സീറ്റൊന്നും നേടാനായില്ല.

നാഗാലാൻഡിൽ മുൻ മുഖ്യമന്ത്രി നെഫ്യുറിയോയ്ക്കൊപ്പം ചേർന്ന് ബി.ജെ.പി ശക്തമായ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. നെഫ്യുറിയോയുടെ എൻ.ഡി.പി.പിയുമായി സഖ്യമുണ്ടാക്കി 32 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്. ഭരണകക്ഷിയായ എൻ.പി.എഫിന് 26 സീറ്റുകളിൽ മാത്രമാണ് ലീഡ് നേടാനായത്.

മേഘാലയയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ ഭരണകക്ഷിയായ കോൺ‍ഗ്രസ് 22 സീറ്റിലാണ് മുന്നിട്ട് നിൽ‍ക്കുന്നത്. അതേ സമയം കോൺ‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായാലും മേഘാലയിൽ അധികാരം പിടിക്കുമെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ് പറഞ്ഞു. കേവല ഭൂരിപക്ഷത്തിന് വേണ്ട 30 സീറ്റുകൾ കോൺഗ്രസിനു നേടാനാകാത്തത് മൂലം അധികാരത്തിനായുള്ള വടംവലി മേഘാലയയിൽ തുടങ്ങി കഴിഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed