വേതനം നൽകാത്തതിനെതിരെ പരാതി നൽകിയത് 1,769 തൊഴിലാളികൾ
മനാമ : വേതനം നൽകാത്തതിനെതിരെ കഴിഞ്ഞവർഷം തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിന് പരാതി നൽകിയത് 1,769 തൊഴിലാളികളെന്ന് റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 2017ലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ശരാശരി അഞ്ച് കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്തത്. 2013ൽ 276 കേസുകളും 2014ൽ 1,386 കേസുകളും 2015ൽ 1,316 കേസുകളും 2016ൽ 1,535 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ വർഷം 1,032 കേസുകളിൽ ഒത്ത്തീർപ്പായെന്നും ബാക്കിയുള്ള കേസുകളിൽ നടപടികൾ തുടരുകയാണെന്നും മന്ത്രി ജമീൽ ഹുമൈദാൻ വ്യക്തമാക്കി. വേതനം നൽകാൻ തൊഴിൽ ദാതാക്കൾക്ക് ഒരാഴ്ചത്തെ സമയം നൽകുകയും, അതിനുള്ളിൽ തൊഴിലാളിക്ക് പണം നൽകാത്ത തൊഴിലുടമക്കെതിരെ നടപടി സ്വീകരിക്കുകയുമാണ് ചെയ്യുന്നത്. ചില കേസുകളിൽ രണ്ടാഴ്ച വരെ സമയം നീട്ടി നൽകാറുണ്ടെന്നും, എന്നാൽ മിക്കവാറും കേസുകളിൽ ഒരാഴ്ച തന്നെ ധാരാളമാണെന്നും അദ്ദേഹം പറഞ്ഞു.
ആറ് മാസത്തിന് മുകളിൽ വേതനം ലഭിക്കാത്ത തൊഴിലാളികൾക്ക് ആറ് ശതമാനം നഷ്ടപരിഹാരം ഉൾപ്പെടെയാണ് തുക നൽകുന്നത്. മിക്ക കേസുകളും കോടതിയുടെ സഹായമില്ലാതെ ഒത്ത് തീർപ്പാക്കാറാണ് പതിവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊഴിലാളികൾക്ക് വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ്വരുത്തുന്നതിനായി വേതനം ബാങ്ക് അക്കൗണ്ടുകൾ വഴി നൽകണമെന്ന് തൊഴിലുടമകൾക്ക് മന്ത്രിസഭ കഴിഞ്ഞ മാസം നിർദ്ദേശം നൽകിയിരുന്നു.

