രാജ്യത്ത് പാചക വാതക വില കുറഞ്ഞു
കൊച്ചി : ഗാർഹിക, വാണിജ്യ ആവശ്യങ്ങ ൾക്കുള്ള പാചക വാതകവില കുറച്ച് എണ്ണക്കന്പനികൾ. ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിന് 47 രൂപയാണു കുറച്ചത്. വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 80 രൂപയും.
സബ്സിഡി സിലിണ്ടർ വാങ്ങുന്പോൾ ഉപയോക്താവിനു 2.56 രൂപയുടെ ഇളവാണു (കൊച്ചി മേഖലയിൽ) ലഭിക്കുക. കടത്തു കൂലിയടക്കമുള്ള ചെലവുകളുടെ അടിസ്ഥാനത്തിൽ പ്രാദേശികമായി നേരിയ വില വ്യത്യാസമുണ്ടാകും.
ഗാർഹിക സിലിണ്ടറിന്റെ പുതുക്കിയ വില 677 രൂപയാണ്. കഴിഞ്ഞ മാസമിത് 724 രൂപയായിരുന്നു. സബ്സിഡി തുകയായ 180.67 രൂപ കിഴിച്ചു നൽകേണ്ടത് 496.33 രൂപ. കഴിഞ്ഞ മാസം 498.89 രൂപയായിരുന്നു വില.
ഗാർഹിക സിലിണ്ടറിനുള്ള മൊത്തം തുക ആദ്യം നൽകുകയും സബ്സിഡി തുക പിന്നീട് ബാങ്ക് അക്കൗണ്ടുകളിലേക്കു നൽകുകയുമാണു ചെയ്യുന്നത്. ഫലത്തിൽ, കഴിഞ്ഞ മാസം ഒരുമിച്ച് 724 രൂപ അടച്ച സ്ഥാനത്ത് ഈ മാസം 677 രൂപ അടച്ചാൽ മതിയെന്ന ചെറിയ ആശ്വാസവും ലഭിക്കും. ഗാർഹികാവശ്യത്തിനു 12 സിലിണ്ടറുകളാണു സബ്സിഡി നിരക്കിൽ ഒരു വർഷം ലഭിക്കുക. കൂടുതൽ സിലിണ്ടറുകൾ ആവശ്യമെങ്കിൽ മുഴുവൻ വിലയും നൽകണം.
വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയിൽ കേരളത്തിൽ 78.50 രൂപയുടെ കുറവാണു ലഭിക്കുക. കഴിഞ്ഞ മാസത്തെ 1289 രൂപയിൽ നിന്ന് 1210.50 രൂപയായി കുറഞ്ഞു. വിവിധ അളവുകളിലുള്ള സിലിണ്ടറുകളുടെ വിലകളിൽ ആനുപാതികമായി കുറവുണ്ടാകും.

