എ.ടി.ഒ അറബ് ടൂറിസം മെഡൽ ഹമദ് രാജാവിന്
മനാമ : അറബ് ടൂറിസം ഓർഗനൈസേഷൻ (എ.ടി.ഒ) അറബ് ടൂറിസം മെഡൽ ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവിന് സമ്മാനിച്ചു. അൽ സഖിർ പാലസിൽ നടന്ന ചടങ്ങിൽ ഹൈ അറബ് സംയുക്ത ആക്ഷൻ കമ്മിറ്റി അംഗവും എ.ടി.ഒ പ്രസിഡന്റുമായ ഡോ. ബന്ദർ ബിൻ ഫഹദ് അൽ−ഫെഹൈദ് രാജാവിന് മെഡൽ സമ്മാനിച്ചു. ഡോ. അൽ ഫെഹൈദിനൊപ്പം അറബ് ലീഗിന്റെ അനുബന്ധ സ്ഥാപനമായ എ.ടി.ഒ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻ അതോറിറ്റിയുടെ സഹകരണത്തോടെ രാജ്യത്തെ ടൂറിസം മേഖലക്ക് ഹമദ് രാജാവ് നൽകിവരുന്ന പിന്തുണകളെ ഡോ. അൽ ഫെഹൈദ് പ്രശംസിച്ചു. 2013 മുതൽ അറബ് രാജ്യങ്ങളുടെ ടൂറിസം തലസ്ഥാനമെന്ന നിലയിലാണ് മനാമ അറിയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. എ.ടി.ഒ പ്രസിഡന്റിനും അംഗങ്ങൾക്കും ഹമദ് രാജാവ് നന്ദി അറിയിച്ചു. ദേശീയ സന്പദ് വ്യവസ്ഥയുടെ പ്രധാന മൂലക്കല്ലായ ടൂറിസം മേഖലയുടെ വികസനത്തിനുള്ള പരിശ്രമങ്ങളുടെ അംഗീകാരമാണ് മെഡലെന്നും അദ്ദേഹം പറഞ്ഞു.

