ജിസിസി ഗെയിംസ് കോൺഫറൻസ് മാർച്ച് 3 ന്
മനാമ : രാജ്യത്ത് സംഘടിപ്പിക്കുന്ന ആദ്യ ഗെയിമിംഗ് സമ്മേളനമായ ജിസിസി ഗെയിംസ് കോൺഫറൻസ് (ജിസിസിജിസി) അടുത്ത ആഴ്ച നടക്കും. രാജ്യത്തെ യോഗ്യരായ ഗെയിം ഡെവലപ്പർമാർ മാർച്ച് 3 ന് നടക്കുന്ന ജിസിസിജിസിയിൽ പങ്കെടുക്കും. ഇൻഫിനിറ്റ് വെയർ, ബഹ്റൈൻ പോളിടെക്നിക്കുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ സൗജന്യമായി പങ്കെടുക്കാം. പ്രോഗ്രാമിങ്, ഡിസൈൻ, നീതിശാസ്ത്രം, ഗെയിം നിർമിക്കുന്ന വ്യവസായം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി സമ്മേളനത്തിൽ വ്യവസായ വിദഗ്ധർ സംസാരിക്കും.
ജിസിസിയുടെ എല്ലാ ഗെയിം ഡെവലപ്പർമാർക്കും ഈ പരിപാടി അനുയോജ്യമാണ്. ഗെയിം ഡെവലപ്പർമാർക്ക് വേണ്ടി, ഗെയിം ഡെവലപ്പർമാർ
ഒരുക്കുന്ന ഒരു പരിപാടിയാണ് ഇത്. ഞങ്ങൾ അത് ഇതേ രീതിയിൽ നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്നും ഇൻഫിനിറ്റ് വെയർ മാനേജിങ് ഡയറക്ടർ അമീൻ അൽതാസർ പറഞ്ഞു.
48 മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു ഗെയിം ഡവലപ്മെന്റ് ഹാക്കത്തോൺ, ജിസിസി ഗെയിം ജാം മാർച്ച് 1 ന് ആരംഭിക്കും. ജിസിസി ഗെയിം ജാമിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നയാൾക്ക് 1500 ബഹ്‌റൈൻ ദിനാറാണ് സമ്മാനമായി ലഭിക്കുക. സ്റ്റാർട്ട് അപ്പ് ബഹ്റൈൻ വീക്കിന്റെ ഭാഗമായാണ് ഇരു പരിപാടികളും സംഘടിപ്പിച്ചിരിക്കുന്നത്.

