പ്രശാ­ന്ത് കി­ഷോർ വീണ്ടും ബി­.ജെ­.പി­യി­ലേ­ക്ക്


ന്യൂഡൽഹി : ബി.ജെ.പിയ്ക്ക് വേണ്ടി തന്ത്രങ്ങൾ മെനയാൻ തിരഞ്ഞെടുപ്പ് സൂത്രധാരൻ പ്രശാന്ത് കിഷോർ 2019ൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ എത്തുമെന്ന് റിപ്പോർട്ട്. 2012ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് വേണ്ടി പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്ത പ്രശാന്ത് കിഷോർ പിന്നീട് പാർട്ടിയുമായി അകലുകയായിരുന്നു. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുമായി ഉണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങളാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ പ്രശാന്ത് കിഷോറിനെ തിരിച്ചെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയതായും അദ്ദേഹം ഇക്കാര്യത്തോട് അനുകൂല നിലപാട് സ്വീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. 2019ലെ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട പ്രചാരണ പരിപാടികളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായാണ് വിവരം. ആറ് മാസമായി ഇരുവരും പരസ്പരം ആശയ വിനിമയം നടത്തുന്നുണ്ടെന്നും ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ബി.ജെ.പി പാളയത്തിലേക്ക് എത്തുകയാണെങ്കിൽ മോദിയുടെ വ്യക്തിപരമായ ബ്രാൻഡിംഗിന് വേണ്ടിയായിരിക്കും കിഷോർ പ്രവർത്തിക്കുക.

ബി.ജെ.പി പാളയം വിട്ടതിന് ശേഷം 2015ൽ ബീഹാറിൽ നിതീഷ് കുമാറിന് വേണ്ടിയും കോൺഗ്രസിന് വേണ്ടിയും അദ്ദേഹം തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞിരുന്നു. ബീഹാറിൽ നീതീഷ് കുമാറിന് മികച്ച വിജയം നേടിക്കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് പഞ്ചാബിലും ഉത്തർ പ്രദേശിലും കോൺഗ്രസിന് വേണ്ടി അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചു. പഞ്ചാബിൽ മികച്ച വിജയം നേടിയെങ്കിലും യു.പിയിൽ കനത്ത പരാജയമായിരുന്നു കോൺഗ്രസിനെ കാത്തിരുന്നത്. തുടർന്ന് പാർട്ടിയുടെ പ്രചാരണം പുറത്ത് നിന്നുള്ളവർ നടത്തേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed