ഫ്രണ്ട്സ് വാർഷിക കൺവെൻഷൻ നടത്തി
മനാമ : ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ വാർഷിക കൺവെൻഷൻ സംഘടിപ്പിച്ചു. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും പുതിയ ദ്വിവർഷ കാലയളവിലേയ്ക്കുള്ള പ്രവർത്തന പദ്ധതികൾ വിശദീകരിക്കുന്നതിനുമായി വിളിച്ചു ചേർത്ത പരിപാടിയിൽ പ്രസിഡണ്ട് ജമാൽ നദ് വി ഇരിങ്ങൽ ആമുഖ പ്രഭാഷണം നടത്തി. മനാമ, റിഫ, മുഹറഖ് ഏരിയകളുടെ വാർഷിക റിപ്പോർട്ടുകൾ യഥാക്രമം എം. ബദ്റുദ്ദീൻ, പി.എൻ അബ്ദുറസാഖ്, വി. അബ്ദുൽ ജലീൽ എന്നിവരും യൂത്ത് ഇന്ത്യ റിപ്പോർട്ട് വി.കെ അനീസും കേന്ദ്ര റിപ്പോർട്ട് ജന.സെക്രട്ടറി എം.എം സുബൈറും അവതരിപ്പിച്ചു.
പ്രയാസം അനുഭവിക്കുന്ന പ്രവാസികളുടെ ഉന്നമനത്തിന് പ്രത്യേക പരിപാടികൾ ആവിഷ്കരിക്കാനും ബഹ്റൈൻ ദേശീയ ദിനം, ഇന്ത്യൻ സ്വാതന്ത്ര്യ ദിനം എന്നിവ വിപുലമായി ആഘോഷിക്കാനും തീരുമാനിച്ചു. പ്രവാസി തൊഴിൽ സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ വളർച്ചയിൽ അവരുടെ സേവനത്തെ വിലമതിക്കുന്ന സമീപനം കൈക്കൊള്ളുകയും ചെയ്യുന്ന ബഹ്റൈൻ ഭരണാധികാരികൾക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സിഞ്ചിലെ ഫ്രണ്ട്സിന്റെ ആസ്ഥാനത്ത് ചേർന്ന പരിപാടിയിൽ വൈസ് പ്രസിഡണ്ട് സഈദ് റമദാൻ നദ്−വി സമാപനവും നിർവ്വഹിച്ചു.

