ദേശീയദിന ആഘോഷ നിറവിൽ കുവൈത്ത്
കുവൈത്ത് സിറ്റി : സ്വാതന്ത്ര്യത്തിന്റെയും വിമോചനത്തിന്റെയും ഓർമകളുമായി കുവൈത്തിന് വീണ്ടും രണ്ട് ആഘോഷദിനങ്ങൾ. ഇന്നു രാജ്യം ദേശീയ ദിനം ആഘോഷിക്കുന്നു. 57 വർഷം മുന്പ് ബ്രിട്ടീഷ് അധീനതയിൽനിന്നു സ്വാതന്ത്ര്യം നേടിയതിന്റെ വാർഷികം. നാളെ ഇറാഖ് അധിനിവേശത്തിൽ നിന്ന് മോചനം നേടിയതിന്റെ ഇരുപത്തിയേഴാം വാർഷികം. അടക്കി ഭരിച്ച സാമ്രാജ്യത്തിൽ നിന്നുള്ളമോചനവും രാജ്യം ഇല്ലാതാക്കാൻ ശ്രമിച്ച ഇറാഖിൽ നിന്നുള്ള മോചനവുമാണ് കുവൈത്തിന് ഇൗ ദിനങ്ങൾ. സദ്ദാം ഹുസൈന്റെ അധിനിവേശം ഇല്ലായിരുന്നെങ്കിൽ മധ്യപൂർവദേശത്ത് ഏറ്റവും വികസിത രാജ്യമെന്ന പദവിയിലെത്തുമായിരുന്നു ഇന്ന് കുവൈത്ത്.
അടിസ്ഥാനസൗകര്യ വികസനത്തിൽ അത്രമാത്രം മുന്നിലായിരുന്നു അധിനിവേശത്തിനു മുന്പുള്ള കുവൈത്ത്. അംബരചുംബികളായ കെട്ടിടങ്ങളും അനുബന്ധസൗകര്യങ്ങളുമൊരുക്കി ലോകത്തെ വിസ്മയിപ്പിക്കുന്ന ദുബൈയിക്കും മുന്പേ വന്പൻ റോഡ് പദ്ധതികൾക്കു തുടക്കമിട്ട രാജ്യമായിരുന്നു കുവൈത്ത്. ഇറാഖി അധിനിവേശം കുവൈത്തിനെ കുറച്ചൊന്നുമല്ല പിന്നോട്ടടിച്ചത്.
എണ്ണയുടെ കണ്ടെത്തലും കയറ്റുമതിയുടെ സാധ്യതയും കുവൈത്തിന്റെ ജീവിത ശൈലി തന്നെ മാറ്റിമറിച്ച കാലമായിരുന്നു എഴുപതുകളും എൺപതുകളും. പവിഴവും മത്സ്യവുമായി കടൽ ജീവിതോപാധിയാക്കിയ നാട്ടിൽ എണ്ണയുടെ കണ്ടെത്തൽ വൻ മാറ്റങ്ങൾ സൃഷ്ടിച്ചു. പക്ഷേ 1990 ആഗസ്റ്റ് രണ്ടിന് എല്ലാം താളംതെറ്റി. ഉറങ്ങിയെഴുന്നേറ്റ കുവൈത്ത് നേരംവെളുത്തപ്പോൾ കണ്ടത് ഇറാഖി സൈനികരെയായിരുന്നു. ലോക രാജ്യങ്ങളുടെ സഹകരണത്തോടെ അധിനിവേശത്തിൽനിന്ന് മോചനം നേടിയ രാജ്യം പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള പ്രയാണത്തിലാണ്. എണ്ണവിലയിടിവിന്റെ പ്രതികൂല സാഹചര്യത്തിലും പിടിച്ചുനിന്ന രാജ്യം പ്രതിഭാധനന്മാരുടെ ഭരണ നേതൃത്വത്തിനു കീഴിൽ പുരോഗതിയുടെ പാതയിൽ കുതിക്കുകയാണ്.
വിഷൻ−2035 എന്ന പദ്ധതിയുമായി പുതിയ കുവൈത്ത് കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണു ഭരണകൂടം. സർവ മേഖലകളിലും വികസനം ലക്ഷ്യമിട്ട് ചെറുതും വലുതുമായ ഒട്ടേറ പദ്ധതികൾ നടപ്പാക്കി വരുന്നു. സ്വാതന്ത്ര്യ–വിമോചന ദിനങ്ങൾ കുവൈത്തിനെ സംബന്ധിച്ചിടത്തോളം അക്ഷരാർഥത്തിൽ ആഘോഷം തന്നെയാണ്. ഒരുമാസത്തിലേറെയായി വിവിധ ആഘോഷ പരിപാടികളുമായി ജനം സജീവമാണ്. 27 വർഷം മുന്പ് കുവൈത്തിനെ അക്രമിച്ച ഇറാഖിനോട് കാരുണ്യം കാണിച്ചാണ് ഇത്തവണത്തെ വിമോചനദിനം ആഘോഷിക്കുന്നത്. കുവൈത്തിനെ അക്രമിക്കുന്പോൾ ഉള്ള ഇറാഖ് അല്ല ഇന്നത്തെ ഇറാഖ്. ഇരു രാജ്യങ്ങളും തമ്മിൽ പോരുമില്ല.
ഗൾഫ് യുദ്ധവും തുടർന്ന് ഐ.എസ് ആക്രമണങ്ങളും തകർത്ത് തരിപ്പണമാക്കിയ ഇറാഖ് പഴയ ഇറാഖിന്റെ അസ്ഥിക്കൂടം മാത്രമായി. ആ ഇറാഖിനെ പുനർനിർമിക്കാനുള്ള തയാറെടുപ്പിന് നേതൃത്വം നല്കുന്നത് കുവൈത്ത് ആണ്.
ഇറാഖിനെ സഹായിക്കുന്നതിനുള്ള രാജ്യാന്തര സമ്മേളനത്തിന് ആതിഥ്യം വഹിച്ചുകൊണ്ട് ചരിത്രം രചിക്കുകയായിരുന്നു കുവൈത്ത്. കുവൈത്ത് ഇപ്പോൾ ലോക രാജ്യങ്ങളിൽ ശ്രദ്ധേയമാകുന്നതും ജീവകാരുണ്യപ്രവർത്തനങ്ങളുടെ പേരിലാണ്. ലോകത്ത് എവിടെയും കഷ്ടപ്പെടുന്നവരെ സഹായിക്കാൻ രാജ്യം മുന്നിലുണ്ട്.

