'ഫ്രീ വിസ' റിപ്പോർട്ട് അവലോകനം ചെയ്തു
മനാമ : ഫ്രീ വിസയുമായി ബന്ധപ്പെട്ട, നിയമവിരുദ്ധമായ തൊഴിലവസരങ്ങളെ സംബന്ധിക്കുന്ന റിപ്പോർട്ട് ഗുദൈബിയ കൊട്ടാരത്തിൽ നടന്ന പ്രതിവാര മന്ത്രിസഭാ സമ്മേളനത്തിൽ അംഗങ്ങൾ അവലോകനം ചെയ്തു. പ്രത്യേക അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്മേലുള്ള ചർച്ചക്ക് നേരത്തെ കാലതാമസം നേരിട്ടിരുന്നു. ഫ്രീ വിസയെ സംബന്ധിക്കുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാനുള്ള വഴികളുമാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം. വർദ്ധിച്ചുവരുന്ന ഈ പ്രതിഭാസത്തിന് പിന്നിലെ കാരണവും പ്രശ്നം പരിഹരിക്കാൻ ഫലപ്രദമായ മാർഗ്ഗനിർദ്ദേശങ്ങൾ ശുപാർശ ചെയ്യാനുമായാണ് ഏതാനും വർഷങ്ങൾക്ക് എട്ടംഗ കമ്മിറ്റിയെ നിയമിച്ചിരുന്നത്.
ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ), ബഹ്റൈൻ സെൻട്രൽ ബാങ്ക്, ലേബർ സോഷ്യൽ ഡെവലപ്മെന്റ്, ഇൻഡസ്ട്രി, കോമേഴ്സ് ആന്റ് ഇൻഡസ്ട്രി, ആഭ്യന്തരം, തൊഴിൽ-മുനിസിപ്പാലിറ്റി അഫയേഴ്സ്- അർബൻ പ്ലാനിംഗ് മന്ത്രാലയങ്ങൾ, രാജ്യത്തെ നാല് ഗവർണറേറ്റുകളുടെ മുനിസിപ്പൽ കൗൺസിലുകൾ, ബഹ്റൈൻ ചേംബർ ഫോർ കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി, തൊഴിലാളി യൂണിയനുകൾ, സൊസൈറ്റികൾ എന്നിവയുമായി കമ്മിറ്റി പ്രശ്നങ്ങൾ ചർച്ച ചെയ്തിരുന്നു.
ആദൽ അൽ അസൂമി, മജീദ് അൽ മജീദ്, ആദൽ ഹമീദ് എന്നിവരുൾപ്പെടെയുള്ള നിരവധി എം.പിമാർ ഈ പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടികൾ അധികൃതർ എടുക്കുന്നില്ലെന്ന് ആരോപിച്ചു. അന്വേഷണ സമിതിയുടെ തലവനായ അൽ അസൂമി തൊഴിൽ മാർക്കറ്റിനെ നിരീക്ഷിക്കാൻ ചുമതലയുള്ള ഇൻസ്പെക്ടർമാരുടെ ദൗർലഭ്യത്തെയും വിമർശിച്ചു. അഞ്ച് ലക്ഷത്തോളം വിദേശ തൊഴിലാളികളുടെ മേൽനോട്ടം വഹിക്കാൻ 64 ഇൻസ്പെക്ടർമാരെ രാജ്യത്തുള്ളൂ.
ഫ്രീ വിസ തൊഴിൽ പ്രശ്നം കൈകാര്യം ചെയ്യുന്നതിനുള്ള അധികൃതരുടെ അഭാവവും വിഷയവുമായി ബന്ധപ്പെട്ട പരാതികൾ ലഭിക്കാൻ ഹോട്ട്ലൈൻ ഇല്ലെന്നതുമാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളെന്നും അദ്ദേഹം പറഞ്ഞു. എംപിമാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ തൊഴിൽ-സാമൂഹ്യ വികസന മന്ത്രി ജമീൽ ഹുമൈദൻ ചർച്ചയിൽ സംബന്ധിച്ചിരുന്നു. 2017 ൽ 75 ഇൻസ്പെക്ടർമാരെ പുതുതായി നിയമിച്ചിട്ടുണ്ടെന്ന് അൽ അസൂമിക്ക് നൽകിയ മറുപടിയിൽ അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം 35,000 പരിശോധന ക്യാമ്പയിനുകൾ നടന്നതായുംഅദ്ദേഹം വ്യക്തമാക്കി.



