സോഫ്റ്റ് ഡ്രിങ്ക്സ് കന്പനികൾ വിപണിയിലെ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നു
മനാമ : സമീപകാലത്ത് നടപ്പാക്കിയ എക്സൈസ് ടാക്സ് ബാധിച്ച സോഫ്റ്റ് ഡ്രിങ്ക്സ് ഭീമന്മാർ പുതിയ മാർക്കറ്റ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നു. എക്സൈസ് ടാക്സ് ഏർപ്പെടുത്തിയതിന് ശേഷം കഴിഞ്ഞ മാസം 150 ഫിൽസ് മുതൽ 225 ഫിൽസ് വരെയാണ് സോഫ്റ്റ് ഡ്രിങ്ക്സുകൾക്ക് വർദ്ധിച്ചത്. എന്നാൽ, പെപ്സിയുടെ ചെറിയ കാനുകളുടെയും ബോട്ടിലുകളുടെയും വില ഇന്നലെ 25 ഫിൽസാണ് കുറച്ചത്. കഴിഞ്ഞ മാസം 225 ഫിൽസിന് വിറ്റഴിച്ച ബോട്ടിലുകൾക്ക് വില 200 ഫിൽസ് ആയി കുറയ്ക്കുമെന്ന് ബ്രാൻഡിന്റെ ഔദ്യോഗിക വിതരണക്കാരായ അഹ്മദി ഇൻഡസ്ട്രീസ് അറിയിച്ചു. 330എം.എൽ പ്ലാസ്റ്റിക് കുപ്പികൾക്കും കാനുകൾക്കുമാണ് വില കുറച്ചിട്ടുള്ളത്.
സോഫ്റ്റ് ഡ്രിങ്ക്സുകൾക്ക് സർക്കാർ 50 ശതമാനം നികുതി ഏർപ്പെടുത്തി, ഒരു മാസത്തിനുള്ളിലാണ് തീരുമാനം. പുതിയ വിലയെക്കുറിച്ച് കന്പനിയാണ് അറിയിച്ചതെന്നും ഇത് തങ്ങളുടെ മാർജിനെ ബാധിക്കുന്നില്ലെന്നും മനാമയിലെ കോൾഡ് സ്റ്റോറിൽ സെയിൽസ്മാനായ അഷ്റഫ് പറഞ്ഞു. സോഫ്റ്റ് ഡ്രിങ്ക്സ് കന്പനികൾ ബഹ്‌റൈനിൽ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് അടുത്തിടെ കിംവദന്തികൾ ഉണ്ടായിരുന്നു. ഈ വാർത്തകൾ വ്യാജമാണെന്ന് ഒരു സോഫ്റ്റ് ഡ്രിങ്ക്സ് കന്പനി മാനേജർ പറഞ്ഞു.
വിപണിയിലെ ഉൽപന്നങ്ങളുടെ വിതരണം കുറയ്ക്കാനുള്ള പദ്ധതികൾ ഒന്നും തന്നെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉൽപന്നങ്ങൾ സാധാരണപോലെതന്നെ വിൽക്കുന്നുണ്ടെന്നും വിതരണക്കാരിൽ നിന്ന് മറ്റ് അറിയിപ്പുകൾ ഒന്നുമില്ലെന്നും സൂപ്പർമാർക്കറ്റുകളും വ്യക്തമാക്കുന്നു.
