നിരോധിത ഉൽപ്പന്നങ്ങൾ ബഹ്‌റൈൻ മാർക്കറ്റിൽ വിറ്റഴിക്കുന്നതായി സംശയം
മനാമ : കേരളത്തിലെ ഭക്ഷ്യ വകുപ്പ് നിരോധനമേർപ്പെടുത്തിയിട്ടുള്ള പല ഭക്ഷ്യഉൽപ്പന്നങ്ങളും ബഹ്‌റൈനിലെ ഇന്ത്യൻ മാർക്കറ്റുകളിൽ വിറ്റഴിക്കപ്പെടുന്നുണ്ടെന്ന് സംശയിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം കേരളാ ഫുഡ് ആന്റ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറുടെ അറിയിപ്പിൽ പറഞ്ഞിരിക്കുന്ന വെളിച്ചെണ്ണയുടെ ബ്രാൻഡുകൾ ബഹ്‌റൈനിലെ ചില കടകളിൽ വിറ്റഴിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
വെളിച്ചെണ്ണയുടെ അനലിറ്റിക്കൽ ഡാറ്റയുമായി താരതമ്യം ചെയ്യുന്പോൾ ശുദ്ധമായ വെളിച്ചെണ്ണയിൽ നിന്നും വളരെയധികം വ്യത്യാസം കണ്ടതിനെ തുടർന്നാണ് കേരളത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ചില ബ്രാൻഡഡ് വെളിച്ചെണ്ണകൾക്ക് നിരോധസനം ഏർപ്പെടുത്തിയത്. എന്നാൽ മാസങ്ങൾക്ക് മുൻപേ ബഹ്റൈനിലെത്തിയ ഇതേ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ ഇപ്പോഴും ബഹ്‌റൈൻ വിപണിയിൽ ഉണ്ടെന്ന് സംശയിക്കപ്പെടുന്നു. കളമശ്ശേരിയിലെ റോയൽ ട്രേഡിംഗ് കന്പനിയിൽ നിന്നും ഉൽപ്പാദിക്കുന്ന കേര ഫൈൻ കോക്കനട്ട് ഓയിൽ, തിരുവനന്തപുരം ജിത്തു ഓയിൽ മിൽസിന്റെ കേരാ പ്യൂർ ഓയിൽ, പാലക്കാട് വിഷ്ണു ഓയിൽ മിൽസിന്റെ ആഗ്രോ കോക്കനട്ട് ഓയിൽ, എറണാകുളം പട്ടിമറ്റം പ്രൈം സ്റ്റാർസിന്റെ കുക്ക്സ് പ്രൈഡ് കോക്കനട്ട് ഓയിൽ തുടങ്ങിവയാണ് കേരളത്തിൽ നടത്തിയ പരിശോധനയെ തുടർന്ന് നിരോധനം ഏർപ്പെടുത്തിയത്. ഇത് കൂടാതെ നിരവധി ബ്രാൻഡുകളുടെ വിവരങ്ങൾ തിരുവനന്തപുരം ഭക്ഷ്യ സുരക്ഷാ ഓഫീസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവ ഭക്ഷ്യ യോഗ്യമല്ലെന്നും മനുഷ്യ ശരീരത്തിന് ദൂഷ്യം ചെയ്യുമെന്നും തിരുവനന്തപുരത്തെ ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ കാര്യാലയം 4 പി.എം ന്യൂസിനോട് പറഞ്ഞു.
തിരുവനന്തപുരം ഭക്ഷ്യ സുരക്ഷാ ഓഫീസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള നിരോധിത എണ്ണ ബ്രാൻഡുകളുടെ വിവരം http://www.foodsafety.kerala.gov.in/images/pdf/document_coconutoil_23_03_2016.pdf എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

