2017ൽ പിഴയിനത്തിൽ ഈടാക്കിയത് 2.5 മില്യൺ ബഹ്റൈൻ ദിനാർ
മനാമ : 2017ൽ പിഴയിനത്തിലും ജാമ്യത്തുക ഇനത്തിലുമായി 5 മില്യൺ ബഹ്റൈൻ ദിനാർ ഈടാക്കിയതായി പബ്ലിക് പ്രോസിക്യൂഷൻ ഇന്നലെ പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 12 മാസത്തിനുള്ളിൽ 2,224,338, ബഹ്റൈൻ ദിനാർ പിഴയായും 2,482,329 ബഹ്റൈൻ ദിനാർ ജാമ്യത്തുക ഇനത്തിലും ഈടാക്കിയിട്ടുണ്ട്. ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ പബ്ലിക് പ്രോസിക്യൂഷൻ ചീഫ് ഡോ. അലി ബിൻ ഫദുൽ അൽ ബുഐനാനാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ വർഷം 84,442 കേസുകളാണ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചത്. 2016ൽ ഇത് 82,246 കേസുകളായിരുന്നെന്നും ഡോ. അൽ ബുഐനാൻ അറിയിച്ചു. ഇതിൽ 83,520 കേസുകൾ പൂർത്തിയാക്കിയതായും ബാക്കി 922 കേസുകളിൽ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. 100,183 കേസുകൾ ട്രാഫിക് പ്രോസിക്യൂഷൻ കൈകാര്യം ചെയ്തതായും കണക്കുകൾ വ്യക്തമാക്കുന്നു. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതുമൂലം ഉണ്ടായ മരണങ്ങൾ, ചുവന്ന സിഗ്നൽ മറികടക്കൽ, അമിതവേഗത എന്നീ കുറ്റകൃത്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ വർഷം 8,670 മോഷണക്കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മോഷണക്കേസുകളിൽ 2,775 കേസുകളുടെ വർദ്ധനവാണ് മുൻവർഷത്തിൽ നിന്നും രേഖപ്പെടുത്തിയത്. 2017ൽ റിപ്പോർട്ട് ചെയ്യപ്പെട്ട മയക്കുമരുന്ന് കേസുകളുടെ എണ്ണത്തിൽ മുൻ വർഷത്തേക്കാൾ 13 കേസുകളുടെ വർദ്ധനവ് മാത്രമാണ് ഉണ്ടായത്. കഴിഞ്ഞ വർഷം 626 കുട്ടികളാണ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടത്. ഇതിൽ 451 കേസുകൾ ഫാമിലി − ചൈൽഡ് പ്രോസിക്യൂഷൻ കൈകാര്യം ചെയ്തു.
സുപ്രീംകോടതി അപ്പീലിനുപുറമെ, ലോവർ, ക്രിമിനൽ കോടതികളിൽ നിന്നും 21,773 കേസുകളിൽ അന്തിമ വിധി പുറപ്പെടുവിച്ചു. തീവ്രവാദവുമായി ബന്ധപ്പെട്ട 5,126 കേസുകളും കഴിഞ്ഞ വർഷം ലഭിച്ചിട്ടുണ്ടെന്ന് ഡോ. അൽ ബുഐനാൻ പറഞ്ഞു. 2017ൽ ലഭിച്ച കേസുകളിൽ 99 ശതമാനം കേസുകളും ടെററർ ക്രൈംസ് പ്രോസിക്യൂഷൻ പൂർത്തിയാക്കി. ഇത്തരം കേസുകളിൽ തെളിവുകൾ ശേഖരിക്കാനും ക്രിമിനൽ പശ്ചാത്തലം നിർണ്ണയിക്കാനും
തീവ്രമായ അന്വേഷണങ്ങൾ ആവശ്യമാണ്.

