ഫസ്റ്റ് ക്ലാസ് റെ­സ്റ്റാ­റാ­ന്റു­കളു­ടെ­ മറവിൽ‍ അനാ­ശാ­സ്യം ഏറു­ന്നതാ­യി­ പരാ­തി­


മനാമ : ബഹ്റൈനിൽ പുതുതായി അരംഭിച്ച പല ഫസ്റ്റ് ക്ലാസ് റെസ്റ്റോറാന്റുകളും അനാശാസ്യ പ്രവർ‍ത്തനങ്ങൾ‍ നടത്താനുള്ള ഇടമായി മാറുകയാണെന്ന് സാമൂഹ്യപ്രവർ‍ത്തകർ‍ ആരോപിക്കുന്നു. മുന്പ് അപ്പാർ‍ട്മെന്റുകൾ‍ കേന്ദ്രീകരിച്ചാണ് ഇത്തരം ബിസിനസുകൾ‍ നടന്നതെങ്കിൽ‍ ഇപ്പോഴത് ഫസ്റ്റ് ക്ലാസ് റെസ്റ്റാറന്റുകളായി മാറിയിട്ടുണ്ടെന്ന് അവർ‍ പറയുന്നു. അദ്ലിയ ഭാഗത്തുള്ള ഫസ്റ്റ് ക്ലാസ് റെസ്റ്റാറാന്റുകളിലാണ് ഈ പ്രവണത കണ്ടുവരുന്നത്. ഇവയിൽ പലതും നടത്തിവരുന്നത് മലയാളികൾ‍ ഉൾ‍പ്പെട്ട വലിയൊരു റാക്കറ്റാണ്. നാട്ടിലെ ഫാൻസി കടകളിലും, ടെക്ൈസ്റ്റൽ ഷോപ്പുകളിലും ജോലി ചെയ്യുന്ന സാന്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളെ ലക്ഷ്യം വെച്ചാണ് ഇത്തരം ഏജന്റുകൾ പ്രവർത്തിക്കുന്നത്. നല്ല ജോലി വാഗ്ദാനം നൽകി പതിനെട്ടും, ഇരുപതും വയസ്സിനിടയിൽ പ്രായമുള്ളവരെ വിസിറ്റിംഗ് വിസയിലും, ജോബ് വിസയിലുമൊക്കെ ഇവിടെ കൊണ്ട് വന്നതിന് ശേഷമാണ് ഈ പാവങ്ങളെ കുടുക്കിലാക്കുന്നതെന്ന് സാമൂഹ്യപ്രവർ‍ത്തകനായ സലാം മന്പാട്ടുമൂല പറഞ്ഞു. മലയാളികൾ‍ക്കൊപ്പം തന്നെ ബംഗ്ലാദേശ് സ്വദേശികളും ഈ ബിസിനസിൽ‍ സജീവമായി തുടങ്ങിയിട്ടുണ്ട്. ഇതിൽ‍ സ്ത്രീകളും ഉൾ‍പ്പെടുന്നു. വാരാന്ത്യങ്ങളിലാണ് ഇവിടെ കച്ചവടം സജീവമാകുന്നത്. ബാക്കിയുള്ള മിക്ക ദിവസങ്ങളിലും തീരെ കച്ചവടമില്ലെങ്കിലും വാരാന്ത്യബിസിനസ് നല്ലൊരു വരുമാനമാണ് നടത്തിപ്പുക്കാർ‍ക്ക് നൽ‍കുന്നത്. സൗദി അറേബ്യയിൽ‍ നിന്നുള്ള ഉപഭോക്താക്കളാണ് പ്രധാനമായും അദ്ലിയ, ഗുദൈബിയ ഭാഗത്തുള്ള റെസ്റ്റോറന്റുകളിൽ‍ എത്തുന്നത്. 50 ദിനാർ മുതൽ മുകളിലോട്ട് ചിലവ് ചെയ്യാൻ താത്പര്യമുള്ളവരാണ് ഇവർ‍. ഹോട്ടൽ‍ ബിസിനസിന്റെ മറവിൽ‍ അനാശാസ്യ പ്രവർ‍ത്തികൾ‍ നടത്തുന്നവരിൽ‍ പലരും പണം പലിശയ്ക്ക് കൊടുക്കുന്ന ഇടപാടുകാർ‍ കൂടിയാണ് എന്നത് കാര്യങ്ങൾ‍ കുറേ കൂടി വഷളാക്കുന്നുണ്ടെന്നും സലാം മന്പാട്ടുമൂല പറഞ്ഞു. 

പല അനധികൃത ടാക്സി ഡ്രൈവർമാരും ഈ മാംസകച്ചവടത്തിൽ‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പെൺകുട്ടികളെ ഏജന്റുമാർ മുഖേന ഇവിടെ എത്തിച്ചു കഴിഞ്ഞാൽ പിന്നീട് മൂന്നും നാലും ഏജന്റുമാരിലൂടെ കൈമാറിയതിന് ശേഷമാണ് അവരെ ഉപഭോക്താക്കളുടെ കൈയിൽ‍ എത്തിക്കുന്നത്. ഇത് കാരണം തന്നെ നാട്ടിൽ നിന്നും ആദ്യം കൊണ്ട് വന്ന ആളെ കണ്ടുമുട്ടാനോ സംസാരിക്കാനോ ഉള്ള സാഹചര്യം പെൺകുട്ടികൾക്ക് പിന്നീട് ലഭിക്കില്ല. വളരെ തന്ത്രപരമായാണ് ഓരോരുത്തരെയും ഈ കെണിയിൽ പെടുത്തുന്നതെന്ന് ഇത്തരമൊരു റാക്കറ്റിന്റെ വലയിലായ എറണാകുളം സ്വദേശിനി 4‍ പി.എം ന്യൂസിനോട് വെളിപ്പെടുത്തി. പാസ്പോർ‍ട്ട് പോലെയുള്ള അടിസ്ഥാന രേഖകൾ‍ പിടിച്ചു വെച്ചാണ് ഹോട്ടൽ‍ നടത്തിപ്പുക്കാർ‍ ഇവരെ ഭീഷണിപ്പെടുത്തി കാര്യം സാധിച്ചെടുക്കുന്നത്. ബഹ്റൈൻ നിയമങ്ങളെ പറ്റി വലിയ അറിവില്ലാത്തതും ഈ പെൺ‍കുട്ടികളെ ഊരാക്കുടുക്കിലാക്കുന്നു. തിരികെ നാട്ടിലേയ്ക്ക് പോകാനാകാതെ പല പെൺകുട്ടികളും ഒന്നുകിൽ ആത്മഹത്യ ചെയ്യുകയോ, അല്ലെങ്കിൽ ഈ മേഖലയിൽ തന്നെ തുടരുകയോ ചെയ്യുന്ന അവസ്ഥയാണുള്ളത്. കാരണങ്ങൾ എന്താണ് എന്നറിയാത്ത പല മരണങ്ങളും സമീപകാലങ്ങളിൽ‍ ഇവിടെ നടക്കുന്നുണ്ടെന്ന് സാമൂഹ്യപ്രവർ‍ത്തകനായ ബഷീർ‍ അന്പലായി പറഞ്ഞു. എത്ര തന്നെ ബോധവൽക്കരണ പരിപാടികളും മറ്റും നടത്തിയിട്ടും ഇത്തരം കെണിയിൽപ്പെടുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ കുറവ് വരുന്നില്ല എന്നാണ് ഇദ്ദേഹം പറയുന്നത്. 

കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ലോക കേരള സഭയിൽ പ്രവാസലോകത്ത് വർദ്ധിച്ചു വരുന്ന അനാശ്യാസ പ്രവർത്തങ്ങൾ നിയന്ത്രിക്കുന്നതിന് വേണ്ടി പല നിർദ്ദേശങ്ങളും മുന്നോട്ട് വെച്ചിരുന്നു. പ്രധാനമായും വിമാനത്താവളങ്ങളിൽ കർശ്ശനമായ ചെക്കിങ് ഉറപ്പു വരുത്തുക, ഗവൺമെന്റിന്റെ ഇടപെടലുകൾ ശക്തമാക്കുക, എന്നിവയാണ് പ്രതിനിധികൾ‍ മുന്പോട്ട് വെച്ച നിർ‍ദ്ദേശങ്ങൾ‍.

(വരും ദിവസങ്ങളിൽ‍ ഫസ്റ്റ് ക്ലാസ് റെസ്റ്റാറന്റ് മേഖലയിലെ അനാശാസ്യ പ്രവണതകളെ പറ്റി ഒരു വാർ‍ത്ത പരന്പര 4‍ പി.എം ന്യൂസ് പ്രസിദ്ധീകരിക്കാൻ‍ ഉദ്ദേശിക്കുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ‍ തരാൻ താത്പര്യമുള്ളവർ‍ bahrain@4pmnews.com എന്ന ഇ-മെയിൽ‍ വിലാസത്തിൽ‍ അവരുടെ അനുഭവങ്ങൾ‍ അയച്ചു തരിക).

You might also like

  • Lulu Exchange
  • Straight Forward

Most Viewed