ഫെബ്രുവരി ഒന്ന് മുതൽ സ്വകാര്യ ബസ് സമരം
കൊച്ചി : നിരക്ക് വർദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്ത് അടുത്ത മാസം ഒന്ന് മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം.
കേരള ബസ് ഓപ്പറേറ്റേഴ്സ് കോ−ഓർഡിനേഷൻ കമ്മിറ്റിയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. മിനിമം ചാർജ് 10 രൂപയാക്കുക, വിദ്യാർത്ഥികളുടെ കുറഞ്ഞ യാത്രാനിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. 2014ന് ശേഷം ബസ് ചാർജ് വർദ്ധിപ്പിച്ചിട്ടില്ലെന്നും അതിനാൽ അടിയന്തരമായി നിരക്ക് വർദ്ധിപ്പിക്കണമെന്നും ജസ്റ്റീസ് രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് പൂർണമായും നടപ്പാക്കണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം.
നിലവിൽ ഏഴ് രൂപയാണ് മിനിമം ചാർജ്. ഇതിൽ വർദ്ധന വരുത്തണമെന്ന് കഴിഞ്ഞ കുറേ നാളുകളായി ബസ് ഉടമകൾ ആവശ്യപ്പെടുന്നുണ്ട്. നിരക്ക് വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ജനുവരി 24ന് സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്താനും ബസ് ഉടമകൾ തീരുമാനിച്ചിട്ടുണ്ട്.

