എസ്.കെ.എസ്.എസ്.എഫ് കളറിംഗ് മത്സരം സംഘടിപ്പിക്കുന്നു
മനാമ: ഇന്ത്യൻ റിപ്പബ്ലിക് ദിനമായ ജനുവരി 26ന് ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയുടെ ഭാഗമായി മദ്റസാ വിദ്യാർത്ഥികൾക്ക് കളറിംഗ് കോന്പറ്റീഷൻ എന്ന പേരിൽ പ്രത്യേക പെയ്ന്റിംഗ് മത്സരം സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തിൽ 19ാം തീയതി (വെള്ളിയാഴ്ച) ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ നടക്കുന്ന മത്സരത്തിന്റെ പ്രഥമ ഘട്ടം മദ്റസാ വിദ്യാർത്ഥികൾക്ക് മാത്രമായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്.
കുരുന്ന് മനസ്സുകളിൽ രാജ്യസ്നേഹത്തോടൊപ്പം ഇന്ത്യയുടെ പൈതൃകത്തെ കുറിച്ചുള്ള അവബോധവും കൂടി സൃഷ്ടിക്കുക എന്നതാണ് കളറിംഗ് കോന്പറ്റീഷൻ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഇതിനാവശ്യമായ രീതിയിലാണ് പരിപാടിയുടെ സജ്ജീകരണമെന്നും സംഘാടകർ അറിയിച്ചു. ‘രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതൽ’ എന്ന പ്രമേയത്തിൽ ഇന്ത്യക്കകത്തും പുറത്തും ഗൾഫ് രാഷ്ട്രങ്ങളിലുമായി വർഷം തോറും നടന്നു വരുന്ന മനുഷ്യ ജാലിക, ഈ വർഷം ജനുവരി 26ന് ബഹ്റൈനടക്കമുള്ള 40 കേന്ദ്രങ്ങളിലായാണ് സംഘടിപ്പിക്കുന്നത്. വളർന്ന് വരുന്ന തീവ്രവാദ പ്രവണതകളെയും അസഹിഷ്ണുതയെയും ഇല്ലാതാക്കി പരസ്പര സ്നേഹവും സൗഹൃദവും വളർത്തുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന പരിപാടി 26ന് രാത്രി 8:30ന് മനാമയിലെ സമസ്ത ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ ബഹ്റൈനിലെ മത−രാഷ്ട്രീയ−സാമൂഹിക−സാസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു.

