രാജു കല്ലുംപുറത്തിനെ അഭിനന്ദിച്ചു
മനാമ : ലോകകേരളാസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിനെ ബഹ്‌റൈൻ ഒ.ഐ.സി.സി ഓഫീസിൽ ചേർന്ന ദേശീയ കമ്മിറ്റി യോഗം അഭിനന്ദിച്ചു. ഒ.ഐ.സി.സി ദേശീയ പ്രസിഡണ്ട് ബിനു കുന്നന്താനം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
കഴിഞ്ഞ 25 വർഷമായി ബഹ്റൈനിലെ പ്രവാസികൾക്കിടയിൽ സാധാരണക്കാർക്ക് വേണ്ടി സംശുദ്ധമായ പ്രവർത്തനം കാഴ്ചവച്ച രാജു കല്ലുംപുറത്തിനെ ലോകകേരളാസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോഷക സംഘടനയായ ഒ.ഐ.സി.സിയെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന്റെ നിമിഷങ്ങളാണെന്ന് യോഗം വിലയിരുത്തി.
ഒ.ഐ.സി.സി എന്ന പ്രസ്ഥാനം ബഹ്‌റൈനിൽ കെട്ടിപ്പടുക്കുന്നതിനും വളർത്തിയെടുക്കുന്നതിനും രാജു കല്ലുംപുറത്തിന്റെ പങ്ക് പ്രത്യേകം എടുത്ത് പറയേണ്ടതാണെന്ന് യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ഈ സ്ഥാനലബ്ധി ബഹ്‌റൈനിലെ പ്രവാസികളുടെ വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുവാനും വേണ്ട നടപടികൾ എടുപ്പിക്കുവാനും കഴിയുമെന്നും അഭിപ്രായം ഉണ്ടായി. ബോബി പാറയിൽ, ഇബ്രാഹിം അദ്ഹം, ഷാജി പുതുപ്പള്ളി, സജി എരുമേലി, റോയ് കുന്പനാട്, ജോർജി, വിജയകുമാർ, രാഘവൻ കരിച്ചേരി, റോബിൻ എബ്രഹാം, എന്നിവർ സംസാരിച്ചു.

