ഇന്ത്യ-ബഹ്റൈൻ സൗഹൃദ ബന്ധം ഊട്ടിയുറപ്പിച്ച് രാഹുൽ ഗാന്ധി മടങ്ങി
മനാമ : ഗോപിയോ പ്രവാസി കൺവെൻഷൻ സമാപന സമ്മേളനത്തോടനുബന്ധിച്ച് ആദ്യ ബഹ്റൈൻ സന്ദർശനത്തിനെത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി ഇന്നലെ രാത്രി ന്യൂഡൽഹിയിലേയ്ക്ക് മടങ്ങി. സന്ദർശനത്തിന്റെ രണ്ടാം ദിവസം അദ്ദേഹം ബഹ്റൈൻ നാഷണൽ മ്യൂസിയം, അതിർത്തിയിലെ സൗദി പാലം, ഇന്ത്യൻ തൊഴിലാളികൾ താമസിക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.
ജി.സി.സി രാജ്യങ്ങളിലെ ഇന്ത്യൻ പ്രമുഖർക്കായി അദ്ദേഹം നടത്തിയ ബിസിനസ് മീറ്റ് ഏറെ ശ്രദ്ധേയമായിരുന്നു. അതിനൊപ്പം സന്ദർശനത്തിന്റെ ഭാഗമായി ബഹ്റൈൻ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫ, വിദേശകാര്യമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹ്−മദ് ബിൻ മുഹമ്മദ് അൽ ഖലീഫ, കിരീടാവകാശിയുടെ റോയൽ കോർട്ട് മേധാവി ഷെയ്ഖ് ഖലീഫ ബിൻ ദുഐജ് ബിൻ ഖലീഫ അൽ ഖലീഫ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ −ബഹ്റൈൻ ബന്ധത്തിന്റെ സൗഹൃദ ബന്ധം ഊട്ടിയുറപ്പിച്ചാണ് അദ്ദേഹം മടങ്ങിയത്.

